പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; പരുക്കേറ്റത് മകള്‍ മര്‍ദിച്ചിട്ടല്ല, അലക്ഷ്യമായി വാഹനമോടിച്ചപ്പോളെന്ന് എഡിജിപി

single-img
21 June 2018

എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തനിക്കെതിരായി എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഗവസ്‌കര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സ്‌നിഗ്ധയുടെ പരാതിയില്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌നിഗ്ധ പരാതി നല്‍കിയത്. അതേസമയം സ്‌നിഗ്ധ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കറും പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്‌നിഗ്ധ പരാതി നല്‍കിയത്.

അതിനിടെ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ എഡിജിപി സുധേഷ് കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കി. മകള്‍ സ്‌നിഗ്ധയ്‌ക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി പരാതി നല്‍കിയിരിക്കുന്നത്.

മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവദിവസം ഗവാസ്‌കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായാണെന്നും പരാതിയില്‍ പറയുന്നു. അലക്ഷ്യമായ വാഹനമോടിച്ചതിനാലാണു ഗവാസ്‌കര്‍ക്കു പരുക്കേറ്റത്. പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണു ശ്രമം. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ്‌കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജൂണ്‍ 14ന് രാവിലെ എട്ടോടെ കനകക്കുന്നില്‍ വച്ചായിരുന്നു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്‌കറിന്റെ പരാതി.

കഴുത്തിനു പരുക്കേറ്റ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ഗവാസ്‌കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗവ. ആശുപത്രിയിലെ പരിശോധനയില്‍ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടര്‍ന്നാണു ഗവാസ്‌കറെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.