എ.വി ജോര്‍ജിനെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന് സര്‍ക്കാര്‍; ഇതെന്താ വെള്ളരിക്കാപട്ടണമാണോ എന്ന് ഹൈക്കോടതി; പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് സി.ബി.ഐ

single-img
21 June 2018

വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. നടപടിക്രമങ്ങളില്‍ തുടക്കം മുതല്‍ വീഴ്ചയുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. കൊലക്കുറ്റം ചുമത്തിയത് പിന്നീട് മാത്രമാണ്.

കൊലപാതകത്തില്‍ റൂറല്‍ എസ്.പിക്ക് പങ്കില്ലെന്ന് പറയാനാകില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ശ്രീജിത്തിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും നിഷ്പക്ഷ അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു.

വാദത്തിനിടെ ആലുവ റൂറല്‍ മുന്‍ എസ്.പി എ.വി.ജോര്‍ജിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. എ.വി ജോര്‍ജിനെതിരെ കേസില്‍ തെളിവിന്റെ കണികപോലും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍.ടി.എഫ്) കസ്റ്റഡിയിലെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു.

സ്വന്തം ഇഷ്ടപ്രകാരം ആര്‍.ടി.എഫ് പ്രവര്‍ത്തിക്കുമോ?. ആരുടെയും നിര്‍ദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍.ടി.എഫ് പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും കോടതി ആരാഞ്ഞു. റൂറല്‍ എസ്.പിയുടെ നിയന്ത്രണത്തിലുള്ള ആര്‍.ടി.എഫ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശമില്ലാതെ ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുമോ എന്ന സംശയമാണ് കോടതി ഉന്നയിച്ചത്.

എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പോലീസ് സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എ.വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കാനാകില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ടകാര്യം സര്‍ക്കാരിനില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആര്‍.ടി.എഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പിക്കെതിരെ അച്ചടക്ക നടപടി തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു.

കേസില്‍ പൊലീസ് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി മികച്ച ഉദ്യോസ്ഥനാണെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം, ആര്‍.ടി.എഫിന്റെ രൂപീകരണം നിയമവിരുദ്ധമാണെന്ന് ഡി.ജി.പി കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. അതിനിടെ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണിത്.