ആസ്ട്രേലിയയിൽ മലയാളിയെ സയനൈഡ് നൽകി കൊന്ന കേസിൽ ഭാര്യയ്ക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്

single-img
21 June 2018

ആസ്‌ട്രേലിയയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് സുപ്രീം കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ കൊന്ന കേസിലാണ് ഭാര്യ സോഫിയയെ ശിക്ഷിച്ചത്. സോഫിയയുടെ കാമുകന്‍ അരുണ്‍ കമലാസന് 27 വര്‍ഷമാണ് തടവ്.

മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാമിനെ 2015 ഒക്ടോബര്‍ 13ന് ആണ് എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചശേഷം മകനോടൊപ്പം മെല്‍ബണിലേക്കു മടങ്ങി.

തീവ്രപ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നു പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. സോഫിയയുടെയും അരുണിന്റെയും നീക്കങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി. 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ഇരുവരും റിമാന്‍ഡിലാണ്.

സോഫിയയും അരുണും ചേര്‍ന്നു 2014 ജനുവരിയില്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവദിവസം രാത്രിയില്‍ സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കി. അരുണിനോടു സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും തെളിവായി കണ്ടെടുത്തിരുന്നു.