മണല്‍ കയറ്റി വന്ന ട്രാക്ടറും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു

single-img
21 June 2018

മധ്യപ്രദേശിലെ മൊറീനയില്‍ ട്രാക്ടര്‍ ജീപ്പിലേക്ക് ഇടിച്ചു കയറി 12 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. ഘുര്‍ഗാനിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്.

ഗ്വാളിയോര്‍ ജില്ലക്കാരാണ് മരിച്ചവര്‍. അനധികൃതമായി മണല്‍ കടത്തിക്കൊണ്ടു വന്നതായിരുന്നു ട്രാക്ടര്‍. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണ സംഖ്യ കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് മൊറേന എസ്.പി അമിത് സാങ്വി പറഞ്ഞു. ട്രാക് ടറിന്റെ ഉടമയെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.