യുഎഇയില്‍ പൊതുമാപ്പ് ഉടന്‍

single-img
20 June 2018

യു.എ.ഇയില്‍ വീസ നിയമങ്ങള്‍ ലംഘിച്ച് തുടരുന്ന വിദേശികള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം രാജ്യത്ത് തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള സാഹചര്യമായിരിക്കും ഒരുക്കുന്നത്.

വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ എന്ന പ്രമേയത്തില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ വ്യക്തമാക്കി.

പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യവകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയിദ് റാകാന്‍ അല്‍ റഷ്ദി അറിയിച്ചു. അതേസമയം, യു.എ.ഇയില്‍ താമസമാക്കിയ സ്ത്രീകള്‍ വിവാഹമോചിതരോ വിധവകളോ ആകുന്നപക്ഷം, സ്‌പോണ്‍സറില്ലാതെ ഒരു വര്‍ഷം കൂടി വീസ നീട്ടി നല്‍കാനുള്ള തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി.

കൂടെയുള്ള മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ത്രീകള്‍ക്ക് സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടിയാണ് നടപടി. ഈ വര്‍ഷത്തിന്റെ അവസാനപാദത്തിലായിരിക്കും നിയമം നടപ്പിലാകുന്നത്.