കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാദര്‍ തോമസ് പീലിയാനിക്കല്‍ ജയിലില്‍

single-img
20 June 2018

കുട്ടനാട്ടില്‍ വ്യാജ രേഖ ചമച്ച് കോടികളുടെ കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജൂലായ് നാല് വരെ റിമാന്‍ഡ് ചെയ്തുകൊണ്ട് രാമങ്കരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

കുട്ടനാട് വികസന സമിതിയുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ വിവിധ കേസുകളാണുള്ളത്. ഇതില്‍ ഒരു കേസില്‍ തോമസ് പീലിയാനിക്കല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

എന്നാല്‍ മറ്റ് നാലുകേസുകളിലാണ് അദ്ദേഹത്തെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികള്‍ കാര്‍ഷിക വായ്പ തട്ടിയെടുത്തെന്നാണ് കേസ്.

വിശ്വാസ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍സിപി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്.

വികസന സമിതി ഓഫീസ് അടച്ച് പൂട്ടിയതോടെ പണം കിട്ടാനുള്ളവര്‍ എല്ലാ ദിവസവും ഓഫീസിലെത്തി മടങ്ങിപ്പോവുകയായിരുന്നു. വായ്പക്ക് ശുപാര്‍ശ ചെയ്ത് പണം തട്ടിയത് കൂടാതെ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞും നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും പരാതിയുണ്ട്.