റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് വേദിക്ക് മുകളില്‍ കണ്ട പ്രത്യകതരം വെളിച്ചത്തിന് പിന്നിലെ രഹസ്യമെന്താണ്? വീഡിയോ ചര്‍ച്ചയാകുന്നു

single-img
20 June 2018

റഷ്യയില്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് തകര്‍ക്കുമ്പോഴാണ് വേദിക്ക് മുകളില്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കാഴ്ച കണ്ടത്. ജൂണ്‍ 24ന് ഇംഗ്ലണ്ടിന്റെ മത്സരം നടക്കാനിരിക്കുന്ന നിസ്‌നി നോവ്ഗരഡ് സ്റ്റേഡിയത്തിന് മുകളില്‍ നിന്നായിരുന്നു ആ കാഴ്ച.

സ്റ്റേഡിയത്തിനു മുകളിലൂടെ പ്രത്യേകതരം വെളിച്ചം കടന്നുപോകുന്നതായിരുന്നു അത്. ഇതുകണ്ട ചിലര്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ‘സ്റ്റിങ് റേ’ തിരണ്ടിയുടെ ആകൃതിയിലായിരുന്നു ആ വെളിച്ചം കടന്നുപോയത്. ഇതോടെ പല വിധത്തിലുള്ള ചര്‍ച്ചകളും നടന്നു.

https://www.youtube.com/watch?v=9q5rIFKt2XY

ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികള്‍ വന്നതാണെന്ന് വരെ ചിലര്‍ പറഞ്ഞു. അതിനിടെ വെളിച്ചം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കാരണമെന്തെന്ന് ഔദ്യോഗികമായി പ്രഖ്യാപനം വന്നു. റഷ്യയുടെ കൃത്രിമ ഉപഗ്രഹങ്ങളിലൊന്നിന്റെ വിക്ഷേപണമായിരുന്നു അത്.

ലോകകപ്പിനും മുന്‍പേ തീരുമാനിച്ചതായിരുന്നു ഗ്ലോനസ് എം സാറ്റലൈറ്റിന്റെ വിക്ഷേപണം. സോയുസ് 2.1 ബി റോക്കറ്റിലേറി അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ നിന്നായിരുന്നു യാത്ര. ഇവിടെ പ്ലീസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമില്‍ നിന്ന് ഞായറാഴ്ചയായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്.

ജൂണ്‍ 17നു തീരുമാനിച്ചുറപ്പിച്ചതു പ്രകാരം പ്രാദേശിക സമയം 12.45നു തന്നെ വിക്ഷേപണവും നടന്നു. റഷ്യയുടെ സ്വന്തം സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ ഭാഗമാകാനായിരുന്നു ഗ്ലോനസ് എമ്മിന്റെ യാത്ര. റോക്കറ്റില്‍ നിന്നു പുറന്തള്ളപ്പെട്ട പുക പ്രത്യേക ആകൃതി സ്വീകരിച്ചതോടെയാണ് വെളിച്ചം പറക്കുംതളികയാണോ എന്ന സംശയത്തിലേക്ക് ആളുകളെ എത്തിച്ചത്.

ആ പുകയുടെ ആകൃതിയാകട്ടെ വലിയ പരന്ന ഉടലും നീളന്‍ വാലുള്ള ‘സ്റ്റിങ് റേ’യോട് ഉപമിക്കും വിധമായിരുന്നു. തിളങ്ങുന്ന വെളിച്ചം കൂടിയായതോടെ പറക്കും തളികയെപ്പോലെയായി മാറുകയായിരുന്നു. എന്തായാലും ഗ്ലോനസ് സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുന്നുവെന്നാണ് റഷ്യയില്‍ നിന്നുള്ള സന്തോഷവാര്‍ത്ത.