അന്ധവിശ്വാസികള്‍ കാരണം ഇരുതലമൂരികള്‍ വംശനാശഭീഷണിയില്‍

single-img
20 June 2018

അന്ധവിശ്വാസത്തിന്റെ പുത്തന്‍ ഇരകളായി മാറിയിരിക്കുകയാണ് ഇരുതലമൂരി പാമ്പുകള്‍. ഇതോടെ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇവ. അന്ധവിശ്വാസികളുടെ ധനമോഹമാണ് അവയുടെ നാശത്തിന് വഴിവെച്ചത്. വീടുകളില്‍ ഇവയെ സൂക്ഷിച്ചാല്‍ ഐശ്വര്യങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഈ അന്ധവിശ്വാസത്തിന്റെ ഉറവിടം. ഇപ്പോള്‍ കേരളത്തിലും ഈ അന്ധവിശ്വാസം പിന്തുടരുന്നവരുണ്ട്. ഇരുതല മൂരികളെ പിടിക്കുന്നതും സൂക്ഷിക്കുന്നതും വന്യജീവി നിയമത്തിലെ ഷെഡ്യൂള്‍ നാലില്‍ പെടുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

ചുവന്ന മണ്ണുള്ള സ്ഥലങ്ങളിലാണ് ഇരുതല മൂരികളെ കൂടുതലായി കാണുക. വിഷമില്ലാത്ത ഇവ കടിക്കാറുമില്ല. അക്കാരണം കൊണ്ടുതന്നെ ഇവയെ പിടികൂടാന്‍ വലിയ പ്രയാസമില്ല. കഴിഞ്ഞ ദിവസം അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ ഇരുതലമൂരി പാമ്പുകളെ കടത്താന്‍ ശ്രമിച്ച മൂന്നു യുവാക്കളെ പിടികൂടിയിരുന്നു.

ഇവരുടെ പക്കല്‍ കണ്ടെത്തിയ ഇരുതല മൂരിയെ ഹൈദരാബാദില്‍നിന്ന് എത്തിച്ചതാണെന്നു വിവരം ലഭിച്ചു. ഇതിനെ ഇവിടെ എത്തിച്ചപ്പോഴേക്കും വില ഉള്‍പ്പെടെ 12 ലക്ഷത്തോളം രൂപ ചെലവായെന്നാണു യുവാക്കള്‍ നല്‍കിയ മൊഴി. 25 ലക്ഷം രൂപ ലഭിച്ചാല്‍ വില്‍ക്കാനായിരുന്നു ലക്ഷ്യം. സംഭവത്തില്‍ യുവാക്കള്‍ അകത്തായി.