നെയ്മര്‍ക്ക് പരിക്ക്; അടുത്ത മത്സരത്തിനിറങ്ങുന്ന കാര്യം സംശയത്തില്‍: വീഡിയോ

single-img
20 June 2018

ബ്രസീല്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് പരിശീലനത്തിനിടെ പരിക്ക്. ചൊവ്വാഴ്ച പരിശീലനത്തിനെത്തിയ നെയ്മര്‍ 15 മിനിറ്റു മാത്രമാണ് ക്യാമ്പില്‍ തങ്ങിയത്. ഇതോടെ കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ താരത്തിന് കളിക്കാനാകില്ലെന്നാണ് സൂചന.

ടീം പരിശീലനത്തിന്റെ ആദ്യ 20 മിനിറ്റ് മാത്രമാണ് ദൃശ്യങ്ങളെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നത്. എന്നാല്‍ അത്രയും സമയത്തെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട് നെയ്മറുടെ പരുക്കും വേദനയും. ഡോക്ടര്‍ക്കും ഫിസിയോതെറാപ്പിസ്റ്റിനും ഒപ്പം ഏറെ നേരം ചിലവിട്ട നെയ്മര്‍ പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയില്ല.

പാദത്തിനല്ല കാല്‍ക്കുഴയിലാണ് ചെറിയ വേദനയനുഭവപ്പെടുന്നതെന്നും ഇന്നത്തെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുക്കുമെന്നുമാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രഖ്യാപനം. ഇന്നും പരിശീലനം നഷ്ടമാവുകയാണെങ്കില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ നെയ്മര്‍ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം. വെള്ളിയാഴ്ചയാണ് കോസ്റ്ററിക്കയ്‌ക്കെതിരെ ബ്രസീലിന്റെ അടുത്ത മല്‍സരം.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ തന്നെ നെയ്മര്‍ പൂര്‍ണമായും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കയുയര്‍ത്തുന്ന പുതിയ പരിക്ക്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നിരവധി തവണ താരം ഫൗള്‍ ചെയ്യപ്പെട്ടിരുന്നു.

നെയ്മറെ ഫൗള്‍ ചെയ്തതിന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വാലോണ്‍ ബെഹ്‌റാമി, ഫാബിന്‍ ഷാര്‍, ക്യാപ്റ്റന്‍ സ്‌റ്റെഫാന്‍ ലിക്‌സ്റ്റെയ്‌നര്‍ എന്നിവര്‍ക്കു മഞ്ഞക്കാര്‍ഡ് കിട്ടുകയും ചെയ്തു. നെയ്മറെ ബോധപൂര്‍വം ഫൗള്‍ ചെയ്തില്ലെന്നാണു സ്വിസ് കോച്ച് വഌഡിമര്‍ പെറ്റ്‌കോവിച്ചിന്റെ വാദം. തന്ത്രപരമായാണു തന്റെ ശിഷ്യന്‍മാര്‍ കളിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.