ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

single-img
20 June 2018

പിഡിപി ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെയാണ് ഗവര്‍ണര്‍ ഭരണത്തിന് അരങ്ങൊരുങ്ങിയത്.

മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നല്‍കിയിരുന്നു. മന്ത്രാലയം ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്.

ഇതോടെ 1977ന് ശേഷം ഇത് എട്ടാം തവണയാണ് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിന് കീഴിലാകുന്നത്. ഇതില്‍ നാല് തവണയും 2008ന് ശേഷമായിരുന്നു. ഗവര്‍ണര്‍ എന്‍.എന്‍. വോറയുടെ ഭരണകാലത്ത് കേന്ദ്ര ഭരണം ഏര്‍പ്പെടുത്തേണ്ടി വരുന്നത് നാലാമത്തെ തവണയുമാണ്.

കശ്മീരില്‍ പിഡിപിയുമായി വഴിപിരിഞ്ഞതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുവില്‍ നേട്ടമുണ്ടാക്കാനുറച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍. കശ്മീരില്‍ പടരുന്ന അശാന്തിക്കു കാരണം പിഡിപിയുടെ പിടിവാശികളാണെന്നാണു ബിജെപിയുടെ ആരോപണം. എന്നാല്‍ സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പു മറികടന്നുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധിയുണ്ടാക്കും.

മൂന്നു വര്‍ഷത്തിലേറെയായി കടുത്ത അഭിപ്രായഭിന്നതകളുമായി തുടരുന്ന പിഡിപി സഖ്യം അവസാനിപ്പിക്കാനുള്ള ബിജെപി തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഇന്നലെ രാവിലെ ബിജെപിയുടെ മുഴുവന്‍ മന്ത്രിമാരെയും ഡല്‍ഹിക്കു വിളിപ്പിക്കുമ്പോഴും സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കുന്നതിന്റെ സൂചനയുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിയാലോചനയ്ക്കുശേഷം ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് ആണു തീരുമാനം അറിയിച്ചത്. ഗവര്‍ണര്‍ വിളിച്ചു പറയുമ്പോഴാണു ബിജെപി സഖ്യംവിട്ടതു മുഖ്യമന്ത്രി മെഹബൂബ അറിഞ്ഞതെന്നും പറയുന്നു. ഗവര്‍ണറുടെ ഫോണ്‍ സന്ദേശത്തിനു തൊട്ടുപിന്നാലെ മെഹബൂബ രാജ്ഭവനിലെത്തി രാജിക്കത്തു കൈമാറുകയായിരുന്നു.

കശ്മീരിലെ ഒരു മാസത്തെ വെടിനിര്‍ത്തല്‍ നീട്ടണമെന്ന പിഡിപിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതാണ് ഇരുകക്ഷികള്‍ തമ്മിലുള്ള ബന്ധം മോശമാക്കിയ ഒടുവിലത്തെ സംഭവം. കശ്മീരിലെ വിഘടനവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് ഏറ്റവും രൂക്ഷമായത്.

കല്ലേറു ചെറുക്കാന്‍ യുവാവിനെ സൈനിക വാഹനത്തിനു മുന്നില്‍ ആള്‍മറയാക്കിയ സംഭവം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കഠ്‌വയില്‍ ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി ബിജെപി മന്ത്രിമാര്‍ നിലപാടെടുത്തതും ബന്ധം വഷളാക്കി.

കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനിടെയും അക്രമസംഭവങ്ങള്‍ക്കു കുറവുണ്ടായില്ല. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെയും ജവാന്‍ ഔറംഗസേബിന്റെയും കൊലപാതകങ്ങളാണ് ഒടുവിലത്തെ സംഭവങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ പിഡിപി ബന്ധം ന്യായീകരിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകയായിരുന്നു ബിജെപി. അപ്രായോഗിക സഖ്യത്തെ ആദ്യം തള്ളിപ്പറയാന്‍ അവര്‍ തീരുമാനിച്ചതിനു കാരണം ഇതാണ്.

പിഡിപിയോടുള്ള അമര്‍ഷവും അതൃപ്തിയും റാം മാധവും കശ്മീരിലെ ബിജെപി ഉപമുഖ്യമന്ത്രിയായിരുന്ന കവീന്ദര്‍ ഗുപ്തയും മറച്ചുവച്ചില്ല. പിഡിപി തോന്നുംപടിയാണു കാര്യങ്ങള്‍ നടത്തിയതെന്ന് അവര്‍ ആരോപിച്ചു. ബദ്ധവൈരികളായിരുന്ന ബിജെപിയും പിഡിപിയും 2015 മാര്‍ച്ച് ഒന്നിനു സര്‍ക്കാരുണ്ടാക്കിയതു ത്രിശങ്കുസഭ വന്നതുമൂലമുള്ള രണ്ടുമാസ അനിശ്ചിതത്വത്തിനു ശേഷമാണ്. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചതിനു പിന്നാലെ മകള്‍ മെഹബൂബ നേതൃത്വം ഏറ്റെടുത്തപ്പോള്‍ ഭിന്നത രൂക്ഷമായി.