‘കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ല’; കേസുകള്‍ ബെഞ്ച് മാറ്റുന്നത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തടഞ്ഞു: കേരള ഹൈക്കോടതിയില്‍ അസാധാരണ സംഭവം

single-img
20 June 2018

കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കാമെന്ന മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശം പുതുതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി റദ്ദാക്കി. കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കേസ് കേള്‍ക്കേണ്ട ജഡ്ജിയെ തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരവസ്ഥ ആശാസ്യമല്ലെന്നും ജസ്റ്റിസ് ഋഷികേശ് റോയി വ്യക്തമാക്കി. ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റി നല്‍കണമെന്ന നാല് അഭിഭാഷകരുടെ ആവശ്യം ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായിരിക്കെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്.

ഇത് ‘ബെഞ്ച് ഹണ്ടിങും’ ‘ഫോറും ഷോപ്പിങും’ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണെന്നാണ് ജസ്റ്റിസ് ഹൃഷികേശ് റോയി വ്യക്തമാക്കിയത്. (കേസ് കേള്‍ക്കാന്‍ അഭിഭാഷകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ജഡ്ജിയെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്ന കോടതി ഭാഷയാണ് ബഞ്ച് ഹണ്ടിംഗും ഫോറം ഷോപ്പിംഗും.)

പാലക്കാട്ടെ ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.ചിദംബരേഷ് പരിഗണിച്ചിരുന്ന കേസിലെ ഫയല്‍ കാണാതാവുന്നതാണ് സംഭവങ്ങളുടെ തുടക്കം. സംഭവം ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ അഭിഭാഷകനോ ഗുമസ്തനോ ആവാം ഫയല്‍ മാറ്റിയതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഇതിന്റെ പശ്ചാത്തലത്തില്‍, കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ചിദംബരേഷില്‍ നിന്നും അഭിഭാഷകര്‍ക്ക് എതിരെ ചില പരാമര്‍ശങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന്, ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക്കിനെ സമീപിക്കുകയായിരുന്നു.

അഭിഭാഷകരുടെ ആവശ്യം ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി കഴിഞ്ഞ മാസം 28ന് ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചു. ഈ നടപടിയാണ് പുതുതയായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി റദ്ദാക്കിയിരിക്കുന്നത്.

കേസുകള്‍ ജസ്റ്റിസുമാരുടെ ബെഞ്ചില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് മുന്‍ ചീഫ് ജസ്റ്റിസിനെതിരെ വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പിന്നീട് വിവാദമായി. സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ കെമാല്‍ പാഷയുടെ ബെഞ്ചില്‍ നിന്ന് മാറ്റിയതാണ് വിവാദമായത്.