പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ സാക്ഷിമൊഴി: കുരുക്ക് മുറുകുന്നു

single-img
20 June 2018

തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിലെ എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നില്‍ വന്നത് കണ്ടിരുന്നെന്ന് പരിസരത്തെ ജ്യൂസ് കച്ചവടക്കാരന്റെ മൊഴി. വൈശാഖനെന്ന ആളാണ് മൊഴി നല്‍കിയത്. പ്രഭാത നടത്തത്തിനുശേഷം എഡിജിപിയുടെ ഭാര്യയും മകളും കയറിയ വാഹനം പെട്ടെന്നു നിര്‍ത്തുന്നതു കണ്ടു.

പിന്നീടു റോഡില്‍നിന്നു ബഹളം കേട്ടെന്നും വൈശാഖ് പറഞ്ഞു. 14ന് രാവിലെ കനകക്കുന്നില്‍ വെച്ചാണ് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതെന്നായിരുന്നു ഗവാസ്‌കറിന്റെ മൊഴി. ഇതിന് സഹായകരമാകുന്ന സാക്ഷി മൊഴിയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ മര്‍ദിക്കുന്നതു കണ്ടില്ലെന്നാണു മൊഴി. എങ്കിലും സംഭവ ദിവസം എഡിജിപിയുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തിയതിനു സ്ഥിരീകരണമാകുന്നുണ്ട്. കൂടാതെ ഗാവസ്‌കറുടെ പരാതിയില്‍ പറയുന്ന അതേ സമയത്ത് അതേ സ്ഥലത്തു വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നു. അതിനാല്‍ എഡിജിപിയുടെ മകള്‍ക്കെതിരാണു സാക്ഷിമൊഴിയെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.

അതിനിടെ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പിക്ക് കൈമാറി. ചൊവ്വാഴ്ചയാണ് എസ്.പി പ്രശാന്തന്‍ കാണിക്ക് അന്വേഷണം കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് ഉത്തരവിട്ടത്. അന്വേഷണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ എസ്.പിക്ക് തെരഞ്ഞെടുക്കാമെന്ന് ഉത്തരവിലുണ്ട്.

മര്‍ദനത്തിന് വിധേയനായ ഡ്രൈവര്‍ ഗവാസ്‌കറുടെ കാഴ്ചക്ക് മങ്ങലേറ്റതായാണ് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് സാരമായ ക്ഷതമേറ്റതായും തലച്ചോറിലേക്കുള്ള രക്ത ഓട്ടത്തിന് തടസ്സമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ചികിത്സക്കായി ഗവാസ്‌കര്‍ ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.