50 ഓവറില്‍ 481; ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട്; കങ്കാരുപ്പടയ്ക്ക് നാണംകെട്ട തോല്‍വി

single-img
20 June 2018

ഏകദിന ക്രിക്കറ്റിലെ സ്വന്തം റിക്കാര്‍ഡുകള്‍ പലതും തിരുത്തിയെഴുതപ്പെട്ട മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം. ഏകദിന ചരിത്രത്തിലെ 481 എന്ന ഹിമാലയന്‍ സ്‌കോറിന് മുന്നില്‍ അന്തംവിട്ടുനിന്ന ഓസ്‌ട്രേലിയ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള തോല്‍വിയും ഏറ്റുവാങ്ങി.

242 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ തോല്‍വി. ഈ ത്രസിപ്പിക്കുന്ന ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ജോണി ബെയര്‍‌സ്റ്റോയുടേയും (139) അലക്‌സ് ഹേല്‍സിന്റെയും കിടിലന്‍ (147) സെഞ്ചുറികളുടെ മികവിലാണ് റണ്‍മല ഉയര്‍ത്തിയത്.

ആദ്യ വിക്കറ്റില്‍ ഇംഗ്ലീഷുകാര്‍ 159 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജേസണ്‍ റോയിയും (82) ബെയര്‍‌സ്റ്റോയും മെല്ലെത്തുടങ്ങി കത്തിക്കയറുകയായിരുന്നു. എന്നാല്‍ 19.3 ഓവറില്‍ റണ്‍ ഔട്ടിന്റെ രൂപത്തില്‍ വില്ലനെത്തി. ജേസണ്‍ റോയി പുറത്ത്. പിന്നീട് 92 പന്തുകള്‍ നേരിട്ട ഹേല്‍സ് അഞ്ച് സിക്‌സും 16 ഫോറുകളും പറത്തി.

ബെയര്‍‌സ്റ്റോയും അത്രയും തന്നെ പന്തില്‍ അത്രയും തന്നെ സിക്‌സറുകളും 15 ഫോറുകളും നേടി. ബെയര്‍‌സ്റ്റോ പുറത്തായ ശേഷം എത്തിയ ബട്‌ലര്‍ക്ക് ശോഭിക്കാനായില്ല. 12 ബോളില്‍ 11 റണ്‍സ് മാത്രം നേടിയ ബട്‌ലര്‍ റിച്ചാര്‍ഡസണിനു വിക്കറ്റ് നല്‍കി മടങ്ങി.

അവസാന ഓവറുകളില്‍ ഓയിന്‍ മോര്‍ഗനാണ് (67) സ്‌കോറിംഗ് വേഗം കൂട്ടിയത്. 30 പന്തില്‍ ആറു സിക്‌സും നാലു ഫോറുമായിരുന്നു മോര്‍ഗന്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനു അവസാനം ലേശമൊന്നു പിഴച്ചില്ലായിരുന്നെങ്കില്‍ സ്‌കോര്‍ 500 കടന്നുപോകുമായിരുന്നു. അവസാന 30 പന്തില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ബൗണ്ടറി കണ്ടെത്താനായില്ല. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ടൈ ഒന്‍പത് ഓവറില്‍ 100 റണ്‍സാണ് വിട്ടുകൊടുത്തത്.

മറുപടിയായി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 37 ഓവറില്‍ ഓള്‍ഔട്ടായി. 239 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടായത്. ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ തോല്‍വിയാണത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമാണിത്. 51 റണ്‍സെടുത്ത ടിം ഹെഡ്ഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. സ്റ്റോയിന്‍സ്44 റണ്‍സെടുത്തു. ഇത് ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം പരമ്പര പരാജയമാണിത്.