‘ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടും പൊലീസുകാരെ സുരക്ഷാ ചുമതലക്ക് നിയോഗിക്കാം’: ഡിജിപി പുതിയ ഉത്തരവിറക്കി

single-img
20 June 2018

തിരുവനന്തപുരം: ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടും പൊലീസുകാരെ സുരക്ഷാ ചുമതലക്ക് നിയോഗിക്കാം. ഡിവൈഎസ്പി മുതല്‍ ഡിജിപി വരെയുള്ള പൊലീസ് ഓഫിസര്‍മാര്‍, സുരക്ഷയ്ക്കായി നല്‍കാവുന്ന പൊലീസുകാരുടെ എണ്ണം തുടങ്ങിയവ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യമുള്ളത്.

നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള പൊലീസുകാരെ ഒരു ദിവസത്തിനകം അതതു യൂണിറ്റുകളിലേക്കു തിരിച്ചയയ്ക്കണമെന്നും ജൂണ്‍ 19നിറങ്ങിയ ഉത്തരവിലുണ്ട്. പൊലീസ് സേനയ്ക്കുള്ളിലെ ദാസ്യപ്പണി വിവാദം ശക്തമായ സാഹചര്യത്തിലാണ് നടപടിയുമായി സേന തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഡിവൈഎസ്പി അഥവാ അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരു പൊലീസുകാരനെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി അനുവദിക്കും. എസ്പി അഥവാ കമാന്റന്റ് റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടു പൊലീസുകാരെ സുരക്ഷയ്ക്കായി ഉപയോഗിക്കാനുള്ള അനുമതി ഉണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡപ്രകാരം അതീവ സുരക്ഷ ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കാറ്റഗറിക്ക് അനുയോജ്യമായ സുരക്ഷ നല്‍കണം. ക്യാമ്പ് ഓഫീസര്‍മാര്‍ സെക്യൂരിറ്റിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിലവിലെ മാനദണ്ഡത്തില്‍ നിന്ന് അധികമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പൊലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കില്‍ അവരെ എത്രയും വേഗം അതാത് ക്യാമ്പുകളിലേക്ക് മടക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.