കാണാതെ പോകരുത് ഈ ‘തുമ്പി’ ചിത്രങ്ങള്‍

single-img
20 June 2018

ലിയോ മാരിസെന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും താരം. നെതര്‍ലന്റ്‌സില്‍ നിന്നും ഇദ്ദേഹം പകര്‍ത്തിയ മനോഹര ചിത്രങ്ങളാണ് അതിന് കാരണം. അത്ര പെട്ടെന്നൊന്നും ശ്രദ്ധയില്‍പ്പെടാത്ത കാഴ്ച്ചയാണ് ഇദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടത്.

ബ്രെഡയിലെ നദീതീരത്തെ പുല്‍ത്തണ്ടുകളില്‍ ഇണചേരുന്ന സൂചിത്തുമ്പികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിലൂടെയാണ് മാരിസെന്‍ എന്ന ഫോട്ടോഗ്രാഫര്‍ ശ്രദ്ധനേടുന്നത്. സൂചിത്തുമ്പികളെന്നും ആനത്തുമ്പികളെന്നും ( ഡാംസെന്‍ & ഡ്രാഗണ്‍ ഫ്‌ളൈ ) അറിയപ്പെടുന്ന ഇവ കേരളത്തിലുമുണ്ട്.

ഇളംനീലയും കറുപ്പും നിറങ്ങളില്‍ പല പല പൊസിഷനുകളിലായിരുന്നു ഇവയുടെ ഇണചേരല്‍. അതും ആരും കാണാത്ത തരത്തില്‍ അച്ചടക്കത്തോടെയും കൃത്യതയോടെയും. പതിനാറ് സൂചിത്തുമ്പികളാണ് പല ആകൃതികളില്‍ ഇണചേര്‍ന്നത്. അവയുടെ നിറം കൂടിയായപ്പോള്‍ മനോഹരമായ കാഴ്ച്ചയെന്നാണ് ലിയോ വിശേഷിപ്പിച്ചത്.

നാലോ അഞ്ചോ മിനിട്ട് മാത്രമേ സൂചിത്തുമ്പികള്‍ ഒരിടത്തിരുന്ന് ഇണ ചേരുകയുള്ളു. ഇവയുടെ പല പൊസിഷനുകളിലുള്ള ഇണചേരല്‍ ദൃശ്യങ്ങള്‍ പരിസ്ഥിതി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സൂചിത്തുമ്പികള്‍ അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലുമുണ്ട്.

സൂചി പോലെ നേര്‍ത്ത ഉടലോടു കൂടിയത് കൊണ്ടാണ് ഇവ സൂചിത്തുമ്പികള്‍ എന്നറിയപ്പെടുന്നത്. ആനത്തുമ്പികള്‍ എവിടെ ഇരുന്നാലും ചിറകുകള്‍ വിടര്‍ത്തും. എന്നാല്‍ സൂചിത്തുമ്പികള്‍ ചിറകുകള്‍ ഉടലിനോട് ചേര്‍ത്തു വെയ്ക്കും. എന്നാല്‍ ഇവയില്‍ തന്നെ ലെസ്റ്റിഡേ എന്ന ഗണത്തില്‍പ്പെട്ടവ ചിറകുകള്‍ വിടര്‍ത്തിത്തന്നെയായിരിക്കും ഇരിക്കുക.

ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുന്നത്. ഒരു ആവാസ വ്യവസ്ഥയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത് തുമ്പികളുടെ സാന്നിദ്ധ്യം കണക്കാക്കിയാണ്. ധാരാളം തുമ്പികളുണ്ടെങ്കില്‍ അവിടെ ശുദ്ധജലം ഉണ്ടാകുമെന്നാണ് നിഗമനം. ചിലയിനം സൂചിത്തുമ്പികള്‍ ഉപ്പുവെള്ളത്തിലും മുട്ടയിടാറുണ്ട്.