10 ലക്ഷം രൂപയും ജോലിയും കൊടുത്താല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിയാണുള്ളതെന്ന് ചെന്നിത്തല; ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ലെന്നും സിബിഐ വേണ്ടെന്നും മുഖ്യമന്ത്രി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
20 June 2018

വരാപ്പുഴ കസ്റ്റഡി മരണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണപ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. സിബിഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ആദ്യ സബ്മിഷനായി അവതരിപ്പിക്കുകയായിരുന്നു.

എസ്.പി. എ.വി. ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന നിയമോപദേശം വാങ്ങിയതിലൂടെ കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്ന് വി.ഡി. സതീശന്‍ എംഎല്‍എ ആരോപിച്ചു. എന്നാല്‍ വരാപ്പുഴ കേസില്‍ ഗൗരവതരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കി.

ഈ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘം ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയാണ്. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിലുള്‍പ്പെട്ടുവെന്ന് അന്വേഷണസംഘം കണ്ടെത്തിയ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നിലവിലെ അന്വേഷണം തൃപ്തികരമാണ്. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി എന്ന നിലയില്‍ യഥാവിധി ഇടപെടാതെ വീഴ്ചവരുത്തിയെന്ന് എ.വി ജോര്‍ജിനെതിരെ പ്രത്യേക റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പദവിയില്‍ നിന്ന് സ്ഥലം മാറ്റുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്.

അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന പ്രശ്‌നമില്ല. അന്വേഷണത്തിലോ നിയമോപദേശത്തിലോ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ അന്വേഷണ സംഘത്തിന് പൂര്‍ണ അധികാരമുണ്ട്. മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കസ്റ്റഡിമരണം ലാഘവത്തോടെ കാണുന്ന സര്‍ക്കാരല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

10 ലക്ഷം രൂപയും ജോലിയും കൊടുത്താല്‍ ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ചെന്നിത്തല ആരോപിച്ചു. ഒരു നിരപരാധിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കരുതെന്ന് നിരവധി കോടതി വിധികളുണ്ടായിട്ടും ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കുന്നത് പ്രതികളെ രക്ഷിക്കാനാണ്.

മുഖ്യമന്ത്രി പറയുന്നത് ശ്രീജിത്തിന്റെ അമ്മക്ക് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ്. എങ്കില്‍ പിന്നെ എന്തിനാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഹൈകോടതിയെ സമീപിച്ചതെന്നും ചെന്നിത്തല ചോദിച്ചു.