പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

single-img
20 June 2018

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി വിശദമാക്കി. കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് യുഎസിലേക്ക് മടങ്ങി പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണമെന്നും അരവിന്ദ് സുബ്രഹ്മണ്യം ആവശ്യപ്പെട്ടതായി ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ 2014 ഒക്ടോബര്‍ മാസത്തിലാണ് അരവിന്ദിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനമെങ്കിലും അദ്ദേഹത്തിന് നിയമനം നീട്ടി നല്‍കുകയായിരുന്നു. നേരത്തെ അരവിന്ദ് സുബ്രഹ്മണ്യത്തെ പുറത്താക്കണമെന്നു ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു.

അരവിന്ദ് സുബ്രഹ്മണ്യം ഇന്ത്യന്‍ പൗരനാണോ എന്നു പോലും വ്യക്തമല്ലെന്നും, അദ്ദേഹത്തിന് അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുണ്ടെന്നും സ്വാമി ആരോപിച്ചിരുന്നു. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നിലപാടുകള്‍ സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെടാന്‍ കാരണമാകുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തിരിക്കാന്‍ അരവിന്ദ് സുബ്രഹ്മണ്യം യോഗ്യനല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.