ആ വാര്‍ത്തകള്‍ തെറ്റ്; മുസ്ലീംലീഗ് വഞ്ചിച്ചിട്ടില്ലെന്ന് രോഹിത് വെമൂലയുടെ അമ്മ

single-img
19 June 2018

ഹൈദരാബാദ്: മുസ്‌ലിം ലീഗിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിന്നില്‍ തങ്ങളല്ലെന്ന വിശദീകരണവുമായി രോഹിത് വെമുലയുടെ കുടുംബം. വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്ലിം ലീഗ് തന്നെ പറ്റിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂല പറഞ്ഞു.

മുസ്ലിം ലീഗ് 20 ലക്ഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുവെന്നും പകരമായി തന്നെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്നും രാധിക പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ രാധിക തന്നെ രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് ചെക്കുകള്‍ പാര്‍ട്ടി നല്‍കിയിരുന്നെന്നും എന്നാല്‍ അതിലൊന്ന് ബൗണ്‍സായെന്നും തരത്തിലുള്ള ആരോപണങ്ങള്‍ രാധികയുടെ ഭാഗത്ത് നിന്നുണ്ടായതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചു കൊണ്ടാണ് രാധിക വെമൂല രംഗത്തെത്തിയത്.

അമ്മയെ പ്രതിരോധിച്ചു കൊണ്ട് രോഹിതിന്റെ സഹോദരന്‍ രാജ് വെമൂലയും വിശദീകരണ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. തന്നെയും സഹോദരനെയും അപമാനിക്കാനായി ആരോ തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് പറഞ്ഞു തുടങ്ങുന്നതാണ് രാജ് വെമൂലയുടെ പോസ്റ്റ്.

‘എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും മോദിയ്‌ക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ഐ.യു.എം.എല്‍ പാര്‍ട്ടിയില്‍ നിന്നും അവര്‍ പണം വാങ്ങിയെന്ന് പറഞ്ഞുകൊണ്ട് എന്റെ അമ്മയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. അത് അസത്യവും അസംബന്ധവുമാണ്.

ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ചെക്കുകളൊന്നും ബൗണ്‍സ് ആയിട്ടില്ല. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് തിരസ്‌കരിക്കപ്പെട്ടത്. ഭൂമി വാങ്ങാന്‍ അഡ്വാന്‍സായി അവര്‍ ഇതുവരെ അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

റംസാനു ശേഷം 10 ലക്ഷം തുക കൂടി തരുമെന്നും പറഞ്ഞിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്.’ ‘യൂ ബ്ലഡി സംഘി ഐ.ടി റാസ്‌കല്‍സ് നിങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കൂ ‘ എന്നു പറഞ്ഞാണ് രാജാ വെമുല കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, രാധികയ്ക്ക് 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നതായി ലീഗ് നേതാവും എംഎല്‍എയുമായ എം.കെ. മുനീര്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടു പ്രതികരിച്ചു. ചെക്ക് മടങ്ങിയെന്ന കാര്യം വാര്‍ത്തയിലൂടെയാണ് അറിഞ്ഞത്. ഇതുവരെ നേതാക്കളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വാഗ്ദാനത്തില്‍നിന്നു പാര്‍ട്ടി പിന്മാറില്ലെന്നും മുനീര്‍ വ്യക്തമാക്കി.

ദലിത് വിദ്യാര്‍ഥിയും പിഎച്ച്ഡി ഗവേഷകനുമായ രോഹിത് വെമുല 2016ല്‍ ഹോസ്റ്റല്‍മുറിയില്‍ ആത്മഹത്യ ചെയ്തു ദിവസങ്ങള്‍ക്കകമാണു കുടുംബത്തിനു സ്വന്തമായി വീട് നിര്‍മിക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്ന് ലീഗ് പ്രഖ്യാപിച്ചത്. വീടിനായി വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയിലുള്ള കൊപ്പുരാവുരുവില്‍ ലീഗ് സ്ഥലം കണ്ടെത്തിയെന്നും പറഞ്ഞുകേട്ടു. കേരളത്തില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത ചടങ്ങിലാണു ധനസഹായം വാഗ്ദാനം ചെയ്തത്.