താമരശേരി ചുരത്തിലെ ഗതാഗതം താല്‍ക്കാലികമായി പുനസ്ഥാപിച്ചു

single-img
19 June 2018

മഴയും മണ്ണിടിച്ചിലും കാരണം ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്ന താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ചെറു വാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. ടാറിങിന് ശേഷം നാളെ മുതല്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് സര്‍വീസ് നടത്താനുകുമെന്നാണ് പ്രതീക്ഷ.

കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് നിലവില്‍ അനുമതി. വലിയ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ കടന്നു പോകാനാകില്ല. ടാറിങ് പൂര്‍ത്തിയായാലും ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വാഹനങ്ങള്‍ കടത്തി വിടൂ. ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരും.

കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്നാണ് ചുരത്തിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് പിഡബ്യൂഡി അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കി. കല്ലുകെട്ട് കുറച്ചു ഭാഗങ്ങളിലൂടെ പൂര്‍ത്തിയാകാനുണ്ട്. ഇതിന് ശേഷം റോഡ് ടാര്‍ ചെയ്തു മാത്രമായിരിക്കും പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുക.