വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ അച്ഛനെ ഒന്നുകൂടി കണ്ടെത്തിയത് പോലെ ജോഷ്വയും അവന്റെ അച്ഛനെ തിരിച്ചറിയുന്നുണ്ട്: പൃഥ്വിരാജ്

single-img
19 June 2018

ഫാദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കൂടെയിലെ അച്ഛനെ കുറിച്ചായിരുന്നു പൃഥ്വിയുടെ കുറിപ്പ്. സംവിധായകന്‍ രഞ്ജിത്താണ് ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛനായി വേഷമിടുന്നത്. രഞ്ജിത്ത് പൃഥ്വിയ്ക്ക് ഗുരു സ്ഥാനീയനാണ്.

അദ്ദേഹം എപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാലും താന്‍ പോകുമെന്ന് പൃഥ്വി പല അവസരത്തിലും പറഞ്ഞിട്ടുമുണ്ട്. അതേ പോലെ തന്നെയാണ് രഞ്ജിത്തിനും. പൃഥ്വിയുടെ വളര്‍ച്ചയില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അത് രഞ്ജിത്തും പല അവസരത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

രഞ്ജിത്ത് അദ്ദേഹത്തിന്റെ ലേഖന സമാഹാരമായ മരം പെയ്യുമ്പോളില്‍ പൃഥ്വിയെ കുറിച്ച് പരാമര്‍ശിച്ചിട്ടുമുണ്ട്. പൃഥ്വിയെ സിനിമയിലേയ്ക്ക് കൊണ്ടു വന്നത് രഞ്ജിത്ത് ആയിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രമായ നന്ദനത്തിലൂടെയാണ് പൃഥ്വി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതു കഴിഞ്ഞും രഞ്ജിത് ചിത്രങ്ങളില്‍ പൃഥ്വി നായികനായി എത്തിയിരുന്നു. ഇപ്പോഴിത കൂടെയില്‍ പൃഥ്വിയുടെ അച്ഛനായി രഞ്ജിത്ത് എത്തുകയാണ്.

അച്ഛന്‍ അലോഷിക്ക് മകന്‍ ജ്വോഷ്വയുടെ ഫാദേഴ്‌സ് ഡേ ആശംസ കുറിപ്പ് ഇങ്ങനെയാണ്:

എല്ലാ ആണ്‍മക്കളെയും പോലെ ഞാനും എന്റെ അച്ഛനെയാണ് ആരാധിക്കുന്നത്. അദ്ദേഹമായിരുന്നു എന്റെ മാര്‍ഗദര്‍ശി, നായകനും സുഹൃത്തുമൊക്കെ. അച്ഛനോടൊപ്പം മാന്‍ ടു മാന്‍ എന്ന രീതിയില്‍ ഇടപെടാന്‍ വേണ്ടി വേഗം വലുതാകണമെന്ന് ആഗ്രഹിച്ചിരുന്നു. എല്ലാ കാര്യങ്ങളെയും കുറിച്ച് അറിവുള്ള ആളായിരുന്നു എന്റെ അച്ഛന്‍.

എന്നാല്‍ ഞാന്‍ ഈ ചെറിയ മനുഷ്യനായി വളര്‍ന്നു വന്നപ്പോഴേയ്ക്കും എനിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അച്ഛനോടൊപ്പം ചെയ്യണമെന്ന് ആഗ്രഹിച്ച ചെറുതും വലുതുമായ പല കാര്യങ്ങളും ജീവിതത്തില്‍ ബാക്കി നിന്നു. അതിനേക്കാള്‍ ഉപരി അച്ഛന്‍ പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്ന തോന്നല്‍ എന്നില്‍ ബാക്കിയാക്കി.

അപ്പോള്‍ മുതല്‍ അച്ഛനെ ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിനെ പരിചയമുള്ളവര്‍ പറഞ്ഞ ചെറുതും വലുതുമായ കാര്യങ്ങളില്‍ കൂടിയാണ്. അമ്മ, ചേട്ടന്‍, അച്ഛന്റെ സുഹൃത്തുക്കള്‍, അച്ഛന്റെ സഹപ്രവര്‍ത്തകര്‍ അങ്ങനെ പലരില്‍ നിന്നുമായി എനിക്കിത് വരെ അറിയാത്ത, പരിചയമില്ലാത്ത അച്ഛനെയും ഞാന്‍ അറിഞ്ഞു. ഇന്ന് എന്റെ മനസിലുള്ള അച്ഛന്‍ പതിമൂന്ന് വയസു വരെ ഞാന്‍ നേരില്‍ കണ്ടതിന്റെയും പിന്നീട് ആളുകള്‍ പറഞ്ഞതിന്റെയും ഒരു കൂടിച്ചേരലാണ് .

യാദൃശ്ചികമെന്നോണം ‘കൂടെ’യിലെ എന്റെ കഥാപാത്രം ജോഷ്വയും അച്ഛനെ നഷ്ടപ്പെട്ടവനാണ്. മരണത്തില്‍ കൂടിയല്ലെങ്കില്‍ പോലും എന്റെ അതേ പ്രായത്തില്‍ അച്ഛനെ നഷ്ടപ്പെട്ടവന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ അച്ഛനെ ഒന്നുകൂടി കണ്ടെത്തിയത് പോലെ ജോഷ്വയും അവന്റെ അച്ഛനെ തിരിച്ചറിയുന്നുണ്ട്. താന്‍ കണ്ട, അറിഞ്ഞ അലോഷി എന്ന തന്റെ അച്ഛനെ മറ്റുള്ളവര്‍ കണ്ട അലോഷിയുമായി ചേര്‍ത്ത് വായിച്ചെടുക്കുന്നുണ്ട് അവനും.

‘കൂടെ’ എന്ന സിനിമ ജോഷ്വയുടെ കഥയാണ് എന്നാണ് അഞ്ജലി പറയുന്നത്. പക്ഷെ അത് അലോഷിയുടെയും കൂടി കഥയാണ്..ഹാപ്പി ഫാദേഴ്‌സ് ഡേ അച്ഛാ…ഹാപ്പി ഫാദേഴ്‌സ് ഡേ അലോഷി… മക്കളുടെ ഹീറോ ആയ ഓരോ അച്ഛനും ഹാപ്പി ഫാദേഴ്‌സ് ഡേ’.പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ നസ്രിയ പൃഥ്വിയുടെ സഹോദരിയായിട്ടാണ് എത്തുന്നത്. മാല പാര്‍വതിയാണ് അമ്മ വേഷം കൈകാര്യം ചെയ്യുന്നത്.