കുമ്മനത്തിന്റേത് ‘പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്ന്’ മുതിര്‍ന്ന ബിജെപി നേതാവ്; ബിജെപിയില്‍ ഭിന്നത രൂക്ഷം; കുമ്മനത്തെ തിരികെ വിളിക്കണമെന്നും ആവശ്യം

single-img
19 June 2018

സംസ്ഥാന പ്രസിഡന്റ് ആരാവണമെന്നതിനെച്ചൊല്ലി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ഭിന്നത രൂക്ഷം. വി മുരളീധരനും സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷിനും എതിരെ കൃഷ്ണദാസ് പക്ഷം രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. തുടര്‍ന്ന് ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയി.

തിങ്കളാഴ്ച രാവിലെ കോര്‍കമ്മിറ്റി യോഗവും ഉച്ചക്ക് ശേഷം ഭാരവാഹി യോഗവുമാണ് നിശ്ചയിച്ചിരുന്നത്. പി എസ് ശ്രീധരന്‍പിള്ള, സി കെ പത്മനാഭന്‍ എന്നിവര്‍ കോര്‍കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും പി കെ കൃഷ്ണദാസ് പക്ഷവും ആവര്‍ത്തിച്ച് നിലപാടെടുത്തു.

ബിജെപി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷും വി മുരളീധരനും സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തെ തെറ്റാണ് ധരിപ്പിക്കുന്നതെന്ന് കൃഷ്ണദാസ്പക്ഷം ആരോപിച്ചു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കി നാടുകടത്തിയെന്നും പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമമുണ്ടായെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ടുകുറഞ്ഞതു സംബന്ധിച്ചും കുറ്റപ്പെടുത്തലുകളുണ്ടായി.

കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനായി തിരിച്ചുവിളിക്കണമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ നേരിടണമെന്നും ആവശ്യമുയര്‍ന്നു. കുമ്മനത്തെ അനവസരത്തില്‍ ഒഴിവാക്കിയതിനെ ഒ. രാജഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വിമര്‍ശിച്ചു.

സംസ്ഥാന പ്രസിഡന്റിന്റെ കാലാവധി കഴിയുംമുമ്പ് കുമ്മനത്തിനു ചിലര്‍ചേര്‍ന്ന് ‘പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍’ നല്‍കിയതായി കോര്‍കമ്മിറ്റിയില്‍ ഒരു മുതിര്‍ന്ന നേതാവ് ആരോപിച്ചു. പണവും സ്വാധീനവും ഉപയോഗിച്ച് പാര്‍ട്ടി പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ബി.ജെ.പി.യില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്കുശേഷം നടന്ന ഭാരവാഹിയോഗത്തില്‍ പാര്‍ട്ടി സംസ്ഥാന വക്താവ് എം.എസ്. കുമാറാണ് ചര്‍ച്ച തുടങ്ങിയത്. ”മികച്ച നിലയില്‍ കളിച്ചുവരുന്ന ടീമിന്റെ നട്ടെല്ലായ നായകനെ കളിയുടെ 85ാം മിനിറ്റില്‍ പിന്‍വലിക്കുന്നതുപോലെയാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനു നാലുനാള്‍മുമ്പ് കുമ്മനത്തെ ബി.ജെ.പി.യില്‍നിന്ന് നാടുകടത്തിയത്.

ബി.ജെ.പി. എന്ന പെണ്ണിനെ കെട്ടാന്‍ ഒരുപാട് മണവാളന്‍മാര്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ അടുക്കളവഴി വീട്ടില്‍ക്കയറി പെണ്ണിനെ കെട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല” കുമാര്‍ പറഞ്ഞു. ദുരൂഹമായ നീക്കത്തിലൂടെ കുമ്മനത്തെ ഒഴിവാക്കി പിന്‍വാതിലിലൂടെ പുതിയ അധ്യക്ഷനെ അവരോധിക്കാനാണ് ശ്രമമുണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചുമതലയുള്ള ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനെതിരേ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ത്തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നു. ഇതോടെ ചര്‍ച്ചകള്‍ക്ക് മറുപടി പറയാതെ മൂന്നരയോടെ അദ്ദേഹം ഡല്‍ഹിക്കു മടങ്ങി. പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് മാത്രമല്ല തര്‍ക്കം രൂക്ഷമാക്കിയാണ് യോഗങ്ങള്‍ അവസാനിച്ചത്.