കാശ്മീരിനെ നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നുവെന്ന് പരിഹസിച്ച് കെജ്‌രിവാള്‍; പിഡിപിയുമായി സഖ്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് ഗുലാം നബി ആസാദ്

single-img
19 June 2018

ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

നോട്ട് നിരോധനം കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നിട്ട് എന്ത് സംഭവിച്ചെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു. അതേസമയം ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.

പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച ബിജെപി തീരുമാനം ആനമണ്ടത്തരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ പാര്‍ട്ടിയായ ബിജെപി, പിഡിപി പോലെയൊരു പ്രാദേശിക പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ പാടില്ലായിരുന്നു.

പ്രാദേശിക പാര്‍ട്ടികളെ മറ്റ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ അനുവദിക്കുകയാണ് വേണ്ടത്. ബിജെപി പിഡിപി സഖ്യം കശ്മീരിനെ നാശോന്മുഖമാക്കി. സാമ്പത്തികപരമായും സാമൂഹികപരമായും തകര്‍ത്തു. അങ്ങനെ നശിച്ച സംസ്ഥാനമായി കശ്മീരിനെ മാറ്റിയെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.