‘8 ദിവസത്തിനിടെ 8 മിനിട്ട് കണ്ടെത്താന്‍ ലെഫ്.ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ല’; രാജ് നിവാസിലെ കുത്തിയിരിപ്പു സമരത്തിന് പിന്തുണയേറുന്നു: സമരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
19 June 2018

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കടന്നാക്രമിച്ച് ആം ആദ്മി പാര്‍ട്ടി. പ്രശ്‌നപരിഹാരചര്‍ച്ചയ്ക്ക് സര്‍ക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തയ്യാറാകുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി ലെഫറ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

ഗവര്‍ണര്‍ മധ്യസ്ഥം വഹിക്കുന്നപക്ഷം ഏതുസമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സഞ്ജയ് സിങ് എം.പി പറഞ്ഞു. പാകിസ്ഥാനുമായിവരെ ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രിക്കോ കേന്ദ്രസര്‍ക്കാരിനോ സമരമിരിക്കുന്ന മുഖ്യമന്ത്രിയെയും മന്ത്രിയെയും പരിഗണിക്കാന്‍ പോലും സമയമില്ല.

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പോരാട്ടം, സംസ്ഥാനത്തിന്റെ അധികാരം ഭൂരിഭാഗവും കൈയ്യാളുന്ന ലെഫ്റ്റനന്റ് ഗവര്‍ണറാണ് യഥാര്‍ത്ഥത്തില്‍ ഭരണപ്രതിസന്ധി സൃഷ്ട്ടിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അതേസമയം കേജ്‌രിവാളിന്റെ സമരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി അടയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

അതിനിടെ രാജ് നിവാസിലെ കുത്തിയിരിപ്പു സമരത്തിന്റെ എട്ടാം ദിവസം ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനു വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹത്തിന് എട്ടുദിവസത്തിനിടെ എട്ടുമിനിട്ട് കണ്ടെത്താനായില്ലെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

‘ബഹുമാനപ്പെട്ട ലെഫ്. ഗവര്‍ണറെ കാണാനായി എട്ടുദിവസമായി കാത്തിരിക്കുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയെയും നഗരവികസന വകുപ്പുമന്ത്രിയെയും ആശുപത്രിയിലേക്ക് മാറ്റി. ബഹുമാനപ്പെട്ട ലെഫ്. ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി എട്ടുദിവസത്തിനിടെ എട്ടുമിനിട്ട് കണ്ടെത്താനായില്ല. ചൊവ്വാഴ്ച കുറച്ചുസമയം അദ്ദേഹം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ലെഫ്. ഗവര്‍ണറുടെ വസതിയിലെ കുത്തിയിരിപ്പുസമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത കെജ്‌രിവാള്‍ മന്ത്രിസഭാംഗങ്ങളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ ഇന്നു രാവിലെ ആശുപത്രി വിട്ടു.

നിലവില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഗോപാല്‍ റായിയും മാത്രമാണ് കുത്തിയിരിപ്പ് സമരം തുടരുന്നത്. അതേസമയം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഐ.എ.എസ് അസോസിയേഷന്‍ അറിയിച്ചു. സമരത്തിന് പിന്‍തുണയുമായി ശിവസേനയും ബിജെപി സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തി.