ബി.ജെ.പി – പി.ഡി.പി സഖ്യം പൊളിഞ്ഞു; കശ്മീരിൽ സർക്കാർ വീണു; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു: സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലേക്ക്

single-img
19 June 2018

ജമ്മുകശ്മീരില്‍ ബിജെപി പിഡിപി സര്‍ക്കാര്‍ നിലംപൊത്തി. ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. പിഡിപിയുമായുള്ള സഖ്യത്തിൽനിന്നു പിൻമാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു തീരുമാനം. സഖ്യസർക്കാരിൽനിന്നു ബിജെപിയുടെ പിൻമാറ്റത്തോടെ, മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു ഭൂരിപക്ഷം നഷ്ടമായിരുന്നു. 89 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 ഉം പിഡിപിക്ക് 28 ഉം അംഗങ്ങളാണുള്ളത്. ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി അറിയിച്ചു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് സഖ്യം അവസാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. സഖ്യം തുടരാനാകില്ലെന്നും അതിനാലാണ് പിരിയുന്നതെന്നും രാം മാധവ് വ്യക്തമാക്കി. ‘ബിജെപിക്ക് ഇനി പിഡിപിയുമായുള്ള ബന്ധം തുടരാനാകില്ല.

ഭീകരവാദവും അക്രമവും മറ്റും വളരെയധികം വര്‍ധിച്ചിരിക്കുന്നു. പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ അപകടത്തിലാണ്. മാധ്യമപ്രവര്‍ത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം.

ജമ്മു കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിര്‍ത്താനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനം. സംസ്ഥാനത്തിന്റെ ഭരണം ഗവര്‍ണര്‍ക്കു കൈമാറും’ റാം മാധവ് കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്ത് ബിജെപിപിഡിപി സഖ്യം രൂപീകരിക്കപ്പെട്ടത്.

രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ടത്. സഖ്യത്തിലായിരുന്നെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പ് നിലനിന്നിരുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ നിലയിലായിരുന്നു.

റംസാന് ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് പിഡിപിയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് പൊടുന്നനെ സഖ്യത്തിന്റെ വേര്‍പിരിയലിലേക്ക് നയിച്ചിരിക്കുന്നത്. മെയ് 16നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പുണ്യമാസമായ റമദാനില്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്നും ഈ കാലയളവില്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നുമുള്ള തീരുമാനം പ്രഖ്യാപിച്ചത്.

റമദാന്‍ മാസത്തിനു ശേഷവും കേന്ദ്ര സര്‍ക്കാര്‍ തല്‍സ്ഥിതി തുടരുമെന്നായിരുന്നു മുഫ്തി കരുതിയത്. എന്നാല്‍ കേന്ദ്ര തീരുമാനത്തെ അവഗണിച്ചുകൊണ്ട് നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറി. ഒരു മാസത്തിനുള്ളിലുണ്ടായ സംഘര്‍ഷത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

20ഓളം ഗ്രനേഡ് ആക്രമണങ്ങളും 50ഓളം അക്രമാസക്തമായ സമരങ്ങളും നടന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതോടെ റമദാന് ശേഷം വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്നും ഭീകരവാദികള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.