ജസ്‌നയുടെ തിരോധാനം: വീടിന് സമീപത്തെ പെട്ടിയില്‍ നിര്‍ണായക വിവരം; പൊലീസ് ഗോവയിലേയ്ക്ക്

single-img
19 June 2018

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന മരിയ ജയിംസിനെതേടി പൊലീസ് പുണെയിലേയ്ക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജസ്‌നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജസ്‌നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിനായിട്ടുള്ളു.

അതിനിടെ, ജസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ തേടി പൊലീസ് വിവിധയിടങ്ങളില്‍ സ്ഥാപിച്ച പെട്ടികളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 12 ഇടങ്ങളിലായാണ് പെട്ടികള്‍ പൊലീസ് സ്ഥാപിച്ചത്.

ഇവയില്‍ നിന്നും അമ്പതോളം കത്തുകള്‍ പൊലീസിന് ലഭിച്ചു. ഇതില്‍ ജസ്‌നയുടെ വീടിന് സമീപവും വെച്ചൂച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തിരോധാനം സംബന്ധിച്ച സംശയങ്ങളും ദുരൂഹതകളും സംബന്ധിച്ചാണ് മിക്ക കത്തുകളും.

ജസ്‌നയെ അടുത്ത് പരിചയമുള്ളവര്‍ എഴുതിയതെന്ന് തോന്നിക്കുന്ന ചില കത്തുകളും ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. ഇതിന് എട്ട് മാസം മുമ്പാണ് ജസ്‌നയുടെ അമ്മ മരിച്ചത്. അതിന് ശേഷം ജസ്‌ന വളരെയധികം മാനസിക സംഘര്‍ഷത്തിലായിരുന്നു.

എന്നാല്‍ വീട്ടിലെ എല്ലാ കാര്യവും അമ്മയുടെ അഭാവത്തില്‍ ചെയ്യാന്‍ ജസ്‌ന മിടുക്കിയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജസ്‌നയെ കണ്ടെത്തുന്നതില്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ച് സഹപാഠികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധ പരിപാടികളും നടത്തിവരികയാണ്. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നാളെ പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച് നടത്തും.