ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസ്; ആരോപണ വിധേയനായ അഞ്ചല്‍ സിഐയെ മാറ്റി

single-img
19 June 2018

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കുന്ന കൊല്ലം അഞ്ചല്‍ സിഐയ്ക്ക് സ്ഥലംമാറ്റം. സി.ഐ. കെ.ആര്‍.മോഹന്‍ ദാസിനെ സ്വന്തം ജില്ലയായ കോട്ടയത്തെ പൊന്‍കുന്നത്തേക്കാണ് സ്ഥലംമാറ്റിയത്.

അച്ചടക്ക നടപടിയല്ല മറിച്ച് സിഐ നേരത്തെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. കേസ് അന്വേഷണത്തില്‍ സിഐ എംഎല്‍എയ്ക്ക് വേണ്ടി ഒത്തുകളിക്കുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പുതിയ സിഐയായി സതികുമാര്‍ ചുമതലയേറ്റു.

കാറിന് സൈഡ് കെടുത്തില്ലെന്ന് ആരോപിച്ചാണ് എം.എല്‍.എയും ഡ്രൈവറും അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചത്. അമ്മ ഷീനയുടെ മുന്നില്‍ വെച്ചാണ് മര്‍ദിച്ച് അവശനാക്കിയത്. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം.

ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നു. മകന്‍ അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തി മാതാവ് ഷീന പി. നാഥാണ് പരാതി നല്‍കിയത്.

എന്നാല്‍, മണിക്കൂറുകള്‍ക്കകം ഗണേഷ്‌കുമാറിന്റെ പി.എ നല്‍കിയ പരാതിയിന്മേല്‍ ഷീനക്കും അനന്തകൃഷ്ണനുമെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തുകയാണുണ്ടായത്. എം.എല്‍.എക്കെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയത്. ഇതിനെതിെര ഷീന പുനലൂര്‍ ഡിവൈ.എസ്.പിക്കും വനിതാകമ്മീഷനും പരാതി നല്‍കിയിരുന്നു. ചവറ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കി.