ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളം; ആരോപണങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയെന്ന് ഗണേഷ് കുമാര്‍

single-img
19 June 2018

ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ നിയമസഭയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നതിന് തെളിവുകള്‍. അഞ്ചല്‍ സിഐയെ സ്ഥലംമാറ്റിയത് അച്ചടക്ക നടപടിയെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് തെളിഞ്ഞു. സി.ഐയെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന പോലീസ് വാദം തള്ളി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തിന്റെ ഭാഗമായാണ് സിഐയെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ സഭയെ അറിയിച്ചത്. അനില്‍ അക്കരയുടെ ഉപക്ഷേപത്തിന് മറുപടിയായായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13നാണ്. പക്ഷേ സ്ഥലം മാറ്റ ഉത്തരവ് വന്നത് മേയ് 30നുമാണ്. ഇതോടെ സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് വ്യക്തമായിരിക്കുകയാണ്.

അതിനിടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ചെയ്യാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നതെന്നും തന്നോട് വ്യക്തിവിരോധം ഉള്ളതുപോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ അടക്കം ഒരുവിഭാഗം തന്നെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണ്. തന്റെ നിരപരാധിത്വം തെളിയിക്കും. ഇന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അന്ന് മാറ്റിപ്പറയേണ്ടി വരും. അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇന്ന് ഞാന്‍, നാളെ നീ എന്ന കാര്യം പ്രതിപക്ഷത്തുള്ളവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കണമെങ്കില്‍ ബൈബിളിലെ സങ്കീര്‍ത്തനം വായിക്കണം. ഗണേഷ് കുമാര്‍ പറഞ്ഞു.

അഞ്ചല്‍ അഗസ്ത്യകൂടത്ത് വച്ച് ഗണേഷ് കുമാറും പിഎയും അനന്തകൃഷ്ണന്‍ എന്ന യുവാവിനെ മര്‍ദിക്കുകയും അമ്മ ഷീനയെ അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതി. തന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ യുവാവിനെ ആക്രമിച്ചത്. ഇത് തടയാനെത്തിയ യുവാവിന്റെ അമ്മയെ ഗണേഷ് കുമാര്‍ പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്തു.

അതിനിടെ സംഭവത്തിലെ അന്വേഷണച്ചുമതല ആരോപണ വിധേയനായ അഞ്ചല്‍ സിഐയില്‍ നിന്ന് എടുത്തുമാറ്റി. സംഭവത്തിന് സാക്ഷിയായിരുന്ന സിഐ തുടക്കം മുതല്‍ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇദ്ദേഹത്തിന് അന്വേഷണച്ചുമതല നല്‍കുന്നത് കേസ് അട്ടിമറിക്കാനാണെന്നും അനന്തകൃഷ്ണന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.