പൊലീസിലെ ദാസ്യവൃത്തിക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്ന ഡിജിപിക്ക് ജോലിക്കാരായുള്ളത് 36 പൊലീസുകാര്‍; വീട്ടില്‍ സ്ഥിരമായുള്ളത് ആറുപേര്‍

single-img
19 June 2018

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സേവനത്തിന് വീട്ടിലും ഓഫീസിലുമൊക്കെയായി 36 പൊലീസുകാര്‍. വീട്ടില്‍ ആറുപേര്‍ സ്ഥിരമായുണ്ടാവും. ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കൂടാതെ ഡിവൈ.എസ്.പി റാങ്കിലുള്ളവരടക്കം പത്തിലേറെപ്പേരുണ്ട്.

ഇതിനുപുറമേ ഡ്രൈവര്‍മാര്‍, പേഴ്‌സണല്‍ സെക്യൂരിറ്റി, സഹായി എന്നീ ഓമനപ്പേരുകളിലും പൊലീസുകാരുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയില്‍(എന്‍.ഐ.എ) ഒപ്പമുണ്ടായിരുന്ന മികച്ച ഉദ്യോഗസ്ഥരെ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ബെഹ്‌റ ഒപ്പം കൂട്ടിയിട്ടുണ്ട്.

ഇതിന് പുറമേയാണ് ഒരു രേഖയുമില്ലാതെ സഹായികളുടെ നീണ്ടനിര. ക്യാംപ് ഫോളോവേഴ്‌സ് വിഷയം വിവാദമായതോടെ ചില പൊലീസുകാരെ ക്യാംപിലേക്കു മടക്കി അയച്ചിട്ടുണ്ട്. അതേസമയം വിഐപികളുടെ കൂടെയുള്ള ജോലി ഒരു വിഭാഗം പൊലീസുകാര്‍ ചോദിച്ചു വാങ്ങുന്നതാണെന്നു പൊലീസുകാര്‍ തന്നെ പറയുന്നുണ്ട്.

മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ക്കൊപ്പം ഡ്യൂട്ടി ചോദിച്ചു വാങ്ങുന്നവരുണ്ട്. വിഐപി ഡ്യൂട്ടി കിട്ടിയാല്‍ പിന്നെ കുറേ വര്‍ഷത്തേക്കു തിരിച്ചു വരവുണ്ടാകില്ല. നേതാക്കളുടെ ഇഷ്ടക്കാരായാല്‍ അവരുടെ ശുപാര്‍ശപ്രകാരം കൂടെ നിര്‍ത്തും.

നേതാവിനോടൊപ്പം നില്‍ക്കുമ്പോഴുള്ള അധികാരം ആസ്വദിച്ചു പൊലീസുകാര്‍ ആ ജോലിയില്‍ തുടരും. വിഐപി ഡ്യൂട്ടിയിലാണെങ്കില്‍ യൂണിഫോം ധരിക്കേണ്ടെന്ന ആനുകൂല്യമുണ്ട്. ക്രമസമാധാന ഡ്യൂട്ടി, ക്യാംപിലെ പരിശീലനം, സംഘര്‍ഷ മേഖലകളിലെ ഡ്യൂട്ടി എന്നിവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പവും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.