പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
19 June 2018

പൊലീസിലെ ദാസ്യവൃത്തിയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ ജോലിയെന്നും അങ്ങനെ നിയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസിലെ ദാസ്യപ്പണി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് വ്യക്തികളുടെ സുരക്ഷാചുമതലകള്‍ക്കായി 335 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 199 പേര്‍ക്കാണ് സുരക്ഷ നല്‍കി വരുന്നത്. 23 പേര്‍ക്ക് സുരക്ഷ നല്‍കേണ്ട ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി. കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മര്‍ദനത്തിന് ഇരയായ പോലീസുകാരനു നേരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പോലീസ് സ്വീകരിച്ച നടപടിയെന്നും മുരളീധരന്‍ ചോദിച്ചു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നിട്ട് എന്താണ് ചെയ്തതത്. ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാര്‍ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട സ്ഥിതിയാണ്. ക്യാംപ് ഫോളോവര്‍മാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതിയുണ്ടെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.