മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണെന്ന് ബിജെപി എംഎല്‍എ: വൈദ്യുതിവകുപ്പ് അധികൃതരുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

single-img
19 June 2018

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണെന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. വൈദ്യുതിവകുപ്പ് അധികൃതരുമായി ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത നടത്തിയ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

വൈദ്യുതി മോഷ്ടിച്ചതിന്റെ പേരില്‍ എത്ര മുസ്ലിങ്ങള്‍ക്കെതിരെ നടപടിയെടുത്തുവെന്നും അവിനാഷ് സിങ്ങിനോട് എം.എല്‍.എ ചോദിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിനകം അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്ക് ലഭിക്കണം. ഒരോ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ചെന്ന് അവിടെ എങ്ങനെയാണ് വൈദ്യുത മോഷണം നടക്കുന്നതെന്ന് കണ്ടെത്തണമെന്നും എം.എല്‍.എ ആഹ്വാനം ചെയ്തു.

ട്രാന്‍സ്ഫര്‍ വാങ്ങി പോയാലും നിങ്ങള്‍ക്ക് രക്ഷയില്ല. ഉത്തര്‍പ്രദേശില്‍ എവിടെയായിരുന്നാലും അന്വേഷണവുമായി താന്‍ മുന്നോട്ട് പോകുമെന്നും എം.എല്‍.എ അവിനാഷ് സിങ്ങിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുകള്‍ മാത്രം ഇവിടെ പീഡിപ്പിക്കപ്പെടുന്നു.

നിങ്ങള്‍ ഹൈന്ദവരേയും വ്യവസായികളെയും അപമാനിക്കുകയാണെന്നും ഞാന്‍ ലഖ്‌നൗവില്‍ വിളിച്ച് സംസാരിച്ചോളാമെന്നും, നീയും നിന്റെ വകുപ്പും തുലഞ്ഞുപോട്ടെയെന്നും എംഎല്‍എ എന്‍ജിനീയറോട് പറയുന്നുണ്ട്. വലിയ വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി മോഷ്ടിക്കുന്നു എന്ന വെളിപ്പെടുത്തലിനെത്തുര്‍ന്ന് വൈദ്യുത ബോര്‍ഡ് നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം.

പരിശോധനയെത്തുടര്‍ന്ന് ഏഴുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്ത അവിനാഷ് സിങ് അത് പുറത്തുവിട്ടതോടെ വൈറലാവുകയായിരുന്നു.