തന്റെ പരാതി മുസ്‌ലീങ്ങള്‍ നോക്കേണ്ട; ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധി വേണം: കസ്റ്റമറുടെ ആവശ്യത്തോട് അനുകൂല പ്രതികരണം നടത്തിയ എയര്‍ടെല്‍ നടപടി വിവാദമാവുന്നു

single-img
19 June 2018

ന്യൂഡല്‍ഹി: ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധി വേണമെന്ന ഉപഭോക്താവിന്റെ ആവശ്യത്തോട് എയര്‍ടെല്‍ കമ്പനി പ്രതികരിച്ച രീതി വിവാദമാവുന്നു. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മുസ്ലിം പ്രതിനിധിയെ എയര്‍ടെല്‍ മാറ്റിയതാണ് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

എയര്‍ടെല്‍ ഡിടിഎച്ച് ഉപഭോക്താവായ പൂജ സിങ് എയര്‍ടെല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ പരാതി അറിയിക്കാന്‍ ശ്രമിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. എയര്‍ടെല്‍ ഇന്ത്യയുടെ ഡിടിഎച്ച് കസ്റ്റമര്‍ സര്‍വ്വീസ് ദയനീയമാമെന്നും സര്‍വീസ് എന്‍ജിനീയര്‍ തന്നോട് മോശമായാണ് പെരുമാറിയതെന്നും സിങ് ട്വീറ്റ് ചെയ്തിരുന്നു.

പൂജയുടെ പരാതിയോട് എയര്‍ടെല്ലില്‍ നിന്ന് പ്രതികരിച്ചത് ഷോയബ് എന്ന പ്രതിനിധിയായിരുന്നു. പരാതി അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ വിഷയം പരിഗണിക്കാമെന്നും ട്വിറ്ററിലൂടെ തന്നെ എയര്‍ടെല്‍ പ്രതിനിധിയായ ഷോയബ് മറുപടിയും നല്‍കി.

എന്നാല്‍ ഷോയബ് എന്ന പേര് മുസ്ലിമാണെന്നും തനിക്ക് ഹിന്ദു പ്രതിനിധിയെ വേണമെന്നും പൂജ ആവശ്യപ്പെടുകയായിരുന്നു. ‘പ്രിയ ഷോയബ്, നിങ്ങള്‍ മുസ്‌ലീമായതിനാല്‍ എനിക്ക് നിങ്ങളുടെ ജോലിയില്‍ വിശ്വാസമില്ല. കാരണം കസ്റ്റമര്‍ സര്‍വ്വീസിന് ഖുര്‍ആനില്‍ വ്യത്യസ്തമായൊരു വേര്‍ഷനാണുള്ളത്.

അതിനാല്‍ എന്റെ പരാതികള്‍ക്കായി ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. നന്ദി.’ എന്നായിരുന്നു പൂജ സിങ്ങിന്റെ ട്വീറ്റ്. ‘ഹായ് പൂജ, നമുക്ക് സംസാരിക്കാന്‍ സൗകര്യപ്രദമായ സമയം ഏതാണെന്ന് പറയാമോ?. കൂടാതെ മറ്റൊരു നമ്പറും ഷെയര്‍ ചെയ്യൂ, ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവും. നന്ദി’ എന്നായിരുന്നു ഇതിന് മറുപടിയായി എയര്‍ടെല്‍ ട്വീറ്റ് ചെയ്തത്.

ഇതോടെയാണ് എയര്‍ടെല്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രൂക്ഷമായാണ് എയര്‍ടെല്ലിന്റെ നിലപാടിനോട് പ്രതികരിച്ചത്. ഇത്രയധികം മതഭ്രാന്ത് വെച്ച പുലര്‍ത്തുന്ന കമ്പനിക്കായി ഒരു ചില്ലിക്കാശ് ചെലവാക്കാന്‍ ഇനി ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ അറിയിച്ചു.

താന്‍ എയര്‍ടെല്ലില്‍ നിന്ന് മറ്റൊരു സര്‍വീസ് പ്രൊവൈഡറിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല തന്റെ എയര്‍ടെല്‍ ഡിടിഎച്ചും ബ്രോഡ്ബാന്റും പിന്‍വലിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതോടെ തിങ്കളാഴ്ച വിശദീകരണവുമായി എയര്‍ടെല്‍ രംഗത്തുവന്നിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കമ്പനി ആരോടും വിവേചനം കാണിക്കാറില്ലയെന്നായിരുന്നു എയര്‍ടെല്ലിന്റെ വിശദീകരണം. ‘പൂജ, ഉപഭോക്താക്കളെയും തൊഴിലാളികളെയും, പാട്‌നര്‍മാരെയും ഞങ്ങള്‍ വിവേചനത്തോടെ കാണാറില്ല.’ എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.