‘അന്ന് ഋഷിരാജ് സിംഗിന് താമസിക്കാന്‍ ഒരു വീടു കിട്ടിയിരുന്നെങ്കില്‍ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല’; ടി. പി സെന്‍കുമാര്‍

single-img
18 June 2018

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. അക്കാലത്ത് തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്ങിന് താമസിക്കാന്‍ വീട് അന്വേഷിച്ച വഴിക്കാണ് ചാരക്കേസ് പുറത്തുവന്നത്. അല്ലാതെ സിഐഐ അടക്കം രാജ്യാന്തര ഏജന്‍സികളുടെ പങ്ക് ആരോപിക്കുന്നത് വിവരക്കേടാണെന്നും സെന്‍കുമാര്‍ കൊല്ലത്ത് പറഞ്ഞു.

നമ്പി നാരായണന്റെ ആരോപണങ്ങള്‍ മാത്രമല്ല, ചാരകേസിന്റെ ഉല്‍ഭവത്തെ സംബന്ധിച്ച നാളിതുവരെയുള്ള എല്ലാ അഭ്യൂഹങ്ങളെയും ഒറ്റയടിക്ക് തള്ളുന്നതാണ് സെന്‍കുമാറിന്റെ ഈ വെളിപ്പെടുത്തല്‍. നേരിട്ടറിയുന്ന കഥയാണ് സെന്‍കുമാര്‍ പറയുന്നത്.

ആരെയും പ്രതിക്കൂട്ടിലാക്കുന്നതല്ല, അതുകൊണ്ട് തന്നെ വിവാദത്തിനും സാധ്യതയില്ല. ചാരക്കേസ് വരുന്ന കാലത്ത് ഋഷിരാജ് സിങ് തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മിഷണറാണ്. വാടകവീട് നോക്കുമ്പോള്‍ കൊള്ളാവുന്നിടത്തെല്ലാം മാലിക്കാരാണ് താമസം.

കാരണം തിരക്കാന്‍ ‌സ്പെഷൽ ബ്രാഞ്ചിൽ ഇന്‍സ്പെക്ടറായിരുന്ന എസ്.വിജയനെ നിയോഗിച്ചു. തുടര്‍ന്നുള്ള അന്വഷണത്തിലാണ് പാസ്പോർട്ട് ചട്ടം ലംഘിച്ച് തിരുവനന്തപുരത്ത് തങ്ങുന്ന മറിയം റഷീദയെ കണ്ടെത്തിയത്. ഇതിന്റെ പേരില്‍ വഞ്ചിയൂര്‍ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസില്‍ നിന്നാണ് ചാരക്കേസിന്റെ തുടക്കം.

പലരും ജീവചരിത്രം എഴുതിയപ്പോഴും, ആദ്യം മുതല്‍ മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു. താന്‍ എഴുതുന്ന പുസ്തകത്തില്‍ എല്ലാം വിശദീകരിക്കുമെന്നും കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് ടി.പി.സെന്‍കുമാര്‍ പറഞ്ഞു.