നാഗാലാൻഡിൽ തീവ്രവാദി ആക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

single-img
18 June 2018

നാഗാലാന്റിലെ മോണ്‍ ജില്ലയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ആസാം റൈഫിള്‍സ് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവം. നദിയില്‍ നിന്നും ജലം ശേഖരിക്കാന്‍ പോവുകയായിരുന്ന ജവാന്മാര്‍ക്ക് നേരെയായിരുന്നു നാഗാ തീവ്രവാദികളുടെ ആക്രമണം.

ഐ.ഇ.ഡിയും ഗ്രനേഡുകളുമടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികര്‍ തിരിച്ചടിച്ചെങ്കിലും നാലു പേരുടെ ജീവന്‍ നഷ്‌ടമാവുകയായിരുന്നു. ഹവിൽദാർ ഫത്തേസിങ് നേഗി, സിപ്പോയ് ഹങ്ഗ കോന്യാക് എന്നീ രണ്ടു ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു തന്നെ മരിച്ചെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു.

സുരക്ഷാസേന ഉടൻതന്നെ തിരിച്ചടിച്ചു. എന്നാൽ തീവ്രവാദികൾക്കിടയിലെ നാശനഷ്ടങ്ങൾ എത്രയെന്നു പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാസം ഇന്തോ – മ്യാൻമർ മേഖലയിൽ ആക്രമണ സാധ്യതയുണ്ടെന്ന് ആഭ്യന്തര വകുപ്പു മുന്നറിയിപ്പു നൽകിയിരുന്നു. ആക്രമണത്തിൽ നാഗാ അധോലോക സംഘങ്ങളുടെ പങ്ക് സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.