കാസര്‍കോട് മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

single-img
18 June 2018


കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പിഎസ് ശശികുമാറാണ് വിധി പ്രസ്താവിച്ചത്.

കല്യോട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഐപിസി 341, 302 വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയ്ക്കും പുറമെ ഒരു മാസം വെറും തടവും അനുഭവിക്കണം. പിഴ തുക കുട്ടിയുടെ പിതാവിന് നല്‍കാനും കോടതി ഉത്തരവായി.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ പി രാഘവന്‍ ഹാജരായി. 2015 ജൂലൈ ഒന്‍പതിനായിരുന്നു സംഭവം. കാസര്‍ഗോഡ് അന്നത്തെ ഹോസ്ദുര്‍ഗ്ഗ് സിഐ ആയിരുന്ന യു പ്രേമനായിരുന്നു കേസ് അന്വേഷിച്ചത്.