മോഹന്‍ലാല്‍ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റാകുമെന്ന് ഇന്നസെന്റ്; ദിലീപിനെ തിരിച്ചെടുക്കുന്നത് ആലോചിച്ചിട്ടില്ല

single-img
18 June 2018

താരസംഘടന അമ്മയുടെ അടുത്ത പ്രസിഡന്‍റായി മോഹന്‍ലാല്‍ വരുമെന്ന വാര്‍ത്തകളെ ശരിവച്ച് നിലവിലെ പ്രസിഡന്റും എം.​പിയുമായ ഇന്നസെന്‍റ്. സംഘടനയുടെ അടുത്ത പ്രസിഡന്‍റ് മോഹന്‍ലാല്‍ തന്നെയാണെന്നും 24ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്‍റ് പറഞ്ഞു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. താന്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇന്നസെന്‍റ് പറഞ്ഞു. അടുത്ത തവണയും എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇന്നസെന്‍റ് പറ‌ഞ്ഞു. പതിനേഴ് വര്‍ഷം സംഘടനയുടെ പ്രസിഡന്‍റായിരുന്നു ഇന്നസെന്‍റ്.

നടി അക്രമിക്കപ്പെട്ട കേസിന് പിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതില്‍ അതൃപ്തിയുള്ളവര്‍ ശക്തമായ പാനലുണ്ടാക്കി അമ്മ ഭാരവാഹിത്വത്തിന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക കൂടി ലക്ഷ്യം വച്ചാണ് പൊതുസമ്മതിയുള്ള മോഹന്‍ലാലിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

എന്നാല്‍ സമ്മര്‍ദ്ദപ്പെടുത്തലിനപ്പുറം അത്തരത്തിലൊരു മത്സരം ഉണ്ടായില്ല. മമ്മൂട്ടി ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനി ഇടവേള ബാബുവാണ്. മുകേഷും ഗണേഷ്‍കുമാറുമാണ് വൈസ് പ്രസിഡന്‍റുമാര്‍. സിദ്ദിഖ് സെക്രട്ടറിയും ജഗദീഷ് ട്രഷററുമാവും.

ഈ ലിസ്റ്റിന് അന്തിമ അംഗീകാരം നല്‍കുകയാണ് 24ന് ചേരുന്ന ജനറല്‍ ബോഡിയുടെ പ്രധാന അജണ്ട. എന്നാല്‍ ഇതിലെ ചില സ്ഥാനങ്ങളെച്ചൊല്ലി അംഗങ്ങള്‍ക്കിടയില്‍ ഇപ്പോഴും അതൃപ്തിയുണ്ടെന്ന് സൂചനകളുണ്ട്. അത്തരം അഭിപ്രായങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.