നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഹർജി മാറ്റി; സുനിയെ ദിലീപ് സ്വാധീനിക്കുന്നുവെന്നാരോപിച്ച് ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്തൊ‍ഴിഞ്ഞു

single-img
18 June 2018

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദീലീപ് സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹർജി ജൂണ്‍ 27ന് പരിഗണിക്കും.

അതേസമയം കേസിലെ പ്രതിയായ അഭിഭാഷകൻ പ്രതീഷ് ചാക്കോ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി മാറ്റിവച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക.

വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയും 27 ന് പരിഗണിക്കും. അതിനിടെ അഭിഭാഷകനായ ബിഎ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അറിയിച്ച്‌ അപേക്ഷ നല്‍കി. സുനിയെ ദിലീപ് സ്വാധീനിക്കുന്നുവെന്നാരോപിച്ചാണ് വക്കാലത്ത് ഒഴിഞ്ഞത്. പുതിയ അഭിഭാഷകന് വേണ്ടി പള്‍സര്‍ സുനിയും അപേക്ഷ നല്‍കി.

കേസ് തുടര്‍ന്ന് നടത്താനാവില്ലെന്നും സുനി ആരുടെയോ സ്വാധിനത്തിനു വഴങ്ങിയതായി സംശയം ഉണ്ടെന്നും ആളൂര്‍ പറഞ്ഞു. പൾസർ സുനിയുടെ അടുത്ത ആളുകളും ആലുവ ഭാഗത്തു നിന്നുള്ള ചില അഭിഭാഷകരും ദിലീപും ചേർന്ന് ചില ഗൂഢാലോചനകൾ നടത്തിയതായാണ് സംശയിക്കുന്നത്. കേസ് കോടതിയിൽ വരുമ്പോൾ ദിലീപിനെ പ്രതിരോധത്തിൽ ആക്കാതിരിക്കാനുള്ള ശ്രമമാണ് നടന്നത് എന്നും ആളൂർ പറഞ്ഞു.

ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിര്‍ഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാര്‍ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടില്‍ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പള്‍സര്‍ സുനിയുമായി ശനിയാഴ്ച രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.

ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. നടിയുമായി ബന്ധപ്പെട്ട കേസിന് ശനിയാഴ്ച എറണാകുളം സിജെഎം കോടതിയില്‍ സുനിയെ കൊണ്ടുവന്നപ്പോള്‍ ആയിരുന്നു ഈ രഹസ്യ ചര്‍ച്ച. ആളൂരിനെ പള്‍സര്‍ സുനിയുടെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ദിലീപിന്റെ വന്‍ നീക്കമാണ് ഇതിനു പിന്നില്‍ നടന്നത് എന്ന് അന്ന് തന്നെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആളൂര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞാല്‍ കേസ് ഫയല്‍ കൊടുക്കുന്നതോടൊപ്പം പള്‍സര്‍ സുനിയും നടിയുമായുള്ള ദൃശ്യങ്ങള്‍ കാണാനുള്ള സാഹചര്യവും പുതിയ വക്കീലിന് കിട്ടും. ആളൂര്‍ പള്‍സര്‍ സുനിയുടെ കേസ് നടത്തിയാല്‍ ദിലീപിനെ അത് ബാധിക്കും എന്ന് ദിലീപിനറിയാം.

മാത്രമല്ല സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അതുകൊണ്ടാകാം ഇങ്ങനൊരു നീക്കം ദിലീപ് നടത്തുന്നത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനു പുറമെ എന്നെപോലെ ഒരു വക്കീലിനെ വെച്ച് കേസ് നടത്താൻ പൾസർ സുനിക്ക് പ്രാപ്തിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 355 സാക്ഷികളെ വിസ്തരിക്കണം. 2 വർഷത്തോളം കേസ് നീണ്ടു പോകും. അതുകൊണ്ടു കൂടിയാണ് വക്കാലത്ത് ഒഴിഞ്ഞതെന്നും, ആളൂർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആളൂര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തത്. പിന്നീട് മാധ്യമങ്ങളെ കണ്ട വേളയില്‍, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനി തന്നോട് പറഞ്ഞുവെന്ന് ആളൂര്‍ വ്യക്തമാക്കിയിരുന്നു.