യേശുദാസിന്റെ ശബ്ദത്തോട് സാമ്യം; കേരളം തള്ളിയ ആ യുവഗായകന് അന്താരാഷ്ട്ര പുരസ്കാരം

single-img
18 June 2018

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിഷേധിക്കപ്പെട്ട ഗായകനാണ് അഭിജിത്ത് വിജയന്‍. ഇപ്പോഴിതാ ഇരട്ടി മധുരമായി അഭിജിത്തിന് രാജ്യാന്തര പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്.

നടന്‍ ജയറാമാണ് പുരസ്‌കാര വാര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ‘അഭിജിത് വിജയന് എല്ലാ വിധ ആശംസകളും നേരുന്നു. അഭിജിത്തിന്റെ വിനയവും ആത്മാര്‍ത്ഥതയും ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്’ അവാര്‍ഡ് വാര്‍ത്ത പങ്കു വച്ച് ജയറാം കുറിച്ചു.

ആകാശമിഠായി എന്ന ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് അഭിജിത്തിന് പുരസ്‌കാരം ലഭിച്ചത്. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഈ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന പുരസ്‌കാരമാണിത്.

പുരസ്‌കാരം കിട്ടിയതിന്റെ സന്തോഷം അഭിജിത്ത് ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് അഭിജിത്ത് പറഞ്ഞു.

ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനം സംസ്ഥാന പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ എത്തിയതായിരുന്നു. അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്കു മനസ്സിലായതെന്നും തുടര്‍ന്ന് അവാര്‍ഡ് നിഷേധിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.