സുരേഷ് ഗോപിയും അമല പോളും കുടുങ്ങി

single-img
17 June 2018

പുതുച്ചേരി വാഹനനികുതിവെട്ടിപ്പ് കേസില്‍ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി എംപിക്കും അമലാ പോളിനുമെതിരെ കുറ്റപത്രം തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

രജിസ്‌ട്രേഷന്‍ ന്യായീകരിക്കാന്‍ ഇരുവരും നല്‍കിയ തെളിവ് വ്യാജമാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് കുറ്റപത്രം തയ്യാറാകുന്നത്. ഫഹദ് ഫാസില്‍ പിഴയടച്ചതിനാല്‍ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

അമലാ പോളും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുവഴി ലക്ഷങ്ങള്‍ തട്ടിയെന്ന കണ്ടെത്തലിന്‍മേലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ആള്‍ജാമ്യത്തിനും ഒരു ലക്ഷം രൂപ ബോണ്ടിനുമാണ് പിന്നീട് താരത്തെ വിട്ടയച്ചത്. സുരേഷ്ഗോപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് 2014ലെ വാടകചീട്ടാണ് സുരേഷ് ഗോപി ഹാജരാക്കിയിരുന്നത്.