അറസ്റ്റിലായ പെണ്‍വാണിഭസംഘം തന്നേയും സമീപിച്ചിരുന്നെന്ന് നടി ശ്രീ റെഡ്ഡി; പല സഹനടിമാരും ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്നും നടിയുടെ വെളിപ്പെടുത്തല്‍

single-img
17 June 2018

അമേരിക്കയില്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികള്‍ തന്നെയും സമീപിച്ചിരുന്നെന്ന് തെലുങ്ക് നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. 10000 ഡോളര്‍ വരെ തനിക്ക് അവര്‍ വാഗ്ദാനം ചെയ്തുവെന്നും ശ്രീ റെഡ്ഡി പറയുന്നു. സി, ഡി ഗ്രേഡിലുള്ള പല സഹനടിമാരും ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തുന്നു.

സിനിമയില്‍ അവസരത്തിനായി ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇവര്‍. ഹൈദരാബാദുകാരാണ് ഇരുവരും. പിന്നീട് അമേരിക്കയിലേക്ക് പോയി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. തനിക്ക് പണം വാഗ്ദാനം ചെയ്ത അവരെ താന്‍ വിദഗ്ധമായി ഒഴിവാക്കുകയായിരുന്നെന്നും നടി പറഞ്ഞു. വിസയും മറ്റും അടക്കം എല്ലാ വിധ സൗകര്യങ്ങളും ഇവര്‍ തങ്ങളുടെ സംഘത്തിലുള്ള പെണ്‍കുട്ടികള്‍ക്കു നല്‍കുമെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തി.

വിദേശ വ്യവസായിയും സിനിമാ നിര്‍മാതാവുമായ മൊഡുഗുമുദി കിഷനും ഭാര്യ ചന്ദ്രയുമാണ് ഷിക്കാഗോയില്‍ അറസ്റ്റിലായത്. 42 പേജുള്ള കുറ്റപത്രമാണ് യുഎസ് ഫെഡറല്‍ പൊലീസ് ദമ്പതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തെലുങ്കു സിനിമയില്‍ നടിമാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി ആരോപിച്ച് ഫിലിം ചേംബര്‍ ഓഫിസിനു മുന്നില്‍ മേല്‍വസ്ത്രമൂരി പ്രതിഷേധിച്ച നടിയാണ് ശ്രീ റെഡ്ഡി. ബാഹുബലിയിലൂടെ ശ്രദ്ധേയനായ നടന്‍ റാണാ ദഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗുബാട്ടിക്കെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു. സ്റ്റുഡിയോയില്‍ വച്ചു പീഡിപ്പിച്ചെന്നാണ് ആരോപണം. ചിത്രം പുറത്തുവിടുകയും ചെയ്തു.