ദാസ്യപ്പണി നിർത്താൻ സർക്കാർ: ക്യാംപ് ഫോളോവർമാരുടെ കണക്കെടുപ്പ് തുടങ്ങി

single-img
17 June 2018

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാംപ് ഫോളോവർമാരുടെ കണക്കെടുപ്പ് തുടങ്ങി. ഇതിന്റെ ഭാ​ഗമായി ഉദ്യോ​ഗസ്ഥരുടേയും മന്ത്രിമാരുടേയും ഒപ്പമുള്ള ക്യംപ് ഫോളോവർമാരുടെ എണ്ണമെടുത്ത് തുടങ്ങി. ഉന്നതരുടെ സഹായികളായി പ്രവർത്തിക്കുന്ന മുഴുവൻ ക്യാംപ് ഫോളോവർമാരുടേയും കൃത്യമായ വിവരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി സമർപ്പിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സുദേഷ് കുമാറിന് പകരം ബറ്റാലിയൻ എഡിജിപിയായ ആനന്ദകൃഷ്ണനാണ് ഇതുസംബന്ധിച്ച അടിയന്തരനിർദേശം നൽകിയിരിക്കുന്നത്. കേരള പൊലീസിനുള്ളില്‍ കുറഞ്ഞത് 500 പേര്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

സ്റ്റേഷനുകളില്‍ സേനാംഗങ്ങളുടെ എണ്ണക്കുറവ് മൂലം കുറ്റാന്വേഷണവും ക്രമസമാധാനപാലനവും തകിടം മറിയുമ്പോഴാണ് ഇത്രയധികം പൊലീസുകാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോയാലും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥരെ തിരികെ യൂണിറ്റുകളിലേക്ക് മടക്കാതെ വീടുകളില്‍ നിര്‍ത്തും.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥര്‍ പോലും അവരുടെ ഫ്ലാറ്റ് നോക്കാനും തോട്ടം നനയ്ക്കാനും അവിടെ സുഖവാസത്തിനു വരുന്ന ബന്ധുക്കളെ നോക്കാനും ലയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കും. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് പ്രഭാത നടത്തത്തിനും ജിമ്മില്‍ പരിശീലനം നല്‍കാനും വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, ആരോപണ വിധേയനായ എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ വീട്ടില്‍ ദാസ്യപ്പണി പതിവാണെന്നുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നേരത്തെ ഡി.ജി.പിക്ക് ലഭിച്ചിരുന്നു. എ.ഡി.ജി.പിയുടെ അറിവോടെയായിരുന്നു ജീവനക്കാരെ വീട്ടുവേല ചെയ്യിച്ചിരുന്നതെന്നും ഇതിന് തയ്യാറാകാതിരുന്ന 12 ക്യാമ്പ് ഫോളോവര്‍മാരെ പിരിച്ചുവിടുകയും ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.