“ആദർശം മാത്രം പോര അച്ചടക്കവും വേണം’; വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തി ഹസന്റെ വിമര്‍ശനം

single-img
17 June 2018

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം കോൺഗ്രസിൽ സൃഷ്ടിച്ച പ്രതിസന്ധികൾ തുടരവെ യുവനേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മുതിർന്ന നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് യുവനേതാക്കൾ ഫേസ്ബുക്കിലൂടെ വിമർശനം നടത്തുന്നതെന്ന് ഹസൻ കുറ്റപ്പെടുത്തി.

ആദർശം മാത്രം പോര അച്ചടക്കവും വേണമെന്നും അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ.കെ.പി.വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഹസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സി.എന്‍.ബാലകൃഷ്ണന്‍ തുടങ്ങി നേതാക്കളുടെ വന്‍ നിര തന്നെ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് ശേഷം എല്ലാ നേതാക്കളും ഒന്നിച്ചെത്തിയ ആദ്യ വേദി കൂടിയായിരുന്നു തൃശ്ശൂരിലേത്‌.

നേരത്തെ, രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതുമായി ബന്ധപ്പെട്ട് യുവനേതാക്കളായ വി.ടി.ബൽറാം, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ തുടങ്ങിയവരും സുധീരനും അടക്കമുള്ളവർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.