ആ മോശം റെക്കോർഡ് മെസിയുടെ പേരിലായി • ഇ വാർത്ത | evartha
fifa world cup 2014, Sports, WORLD CUP 2018

ആ മോശം റെക്കോർഡ് മെസിയുടെ പേരിലായി

ഐസ്ലൻഡിനെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തിയത്, തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അർജന്റീനയുടെ താരം ലയണല്‍ മെസി. സമനിലയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പെനല്‍റ്റി നഷ്ടപ്പെടുത്തിയതാണ് മല്‍സരഫലം നിര്‍ണയിച്ചത്. അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നുവെന്നും ലയണല്‍ മെസി മല്‍സരശേഷം പറഞ്ഞു

ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‍ലൻഡിനോടു അർജന്റീന സമനില വഴങ്ങേണ്ടി വന്നത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും. മൽസരത്തിന്റെ അറുപത്തിനാലാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർതാരം ലയണൽ മെസ്സി പാഴാക്കിയതാണ് നിർണായകമായത്. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ഒരിക്കൽക്കൂടി നിറംകെട്ട പ്രകടനത്തിലൂടെ മെസി ആരാധകരെ നിരാശപ്പെടുത്തി.

എന്നാൽ ആദ്യ മത്സരം തന്നെ മെസിയ്ക്കു കയ്പേറിയതായി. ഒട്ടും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു റെക്കോർഡും ഈ കളിക്കാരനെ തേടിയെത്തി. പ്രതീക്ഷിച്ച ഫോമിലേക്കുയർന്നില്ലെങ്കിലും ഐസ്ലൻഡ് ഗോൾമുഖത്തേക്ക് 11 തവണയാണ് മെസി ഷോട്ടുകൾ പായിച്ചത്. ഒന്നും വല കുലുക്കിയില്ലെന്നു മാത്രം. പെനാൽറ്റി പോലും ഗോളാക്കി മാറ്റാനായില്ല.

ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ആ മോശം റെക്കോർഡ് മെസിയുടെ പേരിലായി. 1966 ന് ശേഷം ഗോളുകൾ സ്കോർ ചെയ്യാതെ ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ തൊടുക്കുന്ന അർജന്റീനൻ താരമെന്ന റെക്കോർഡാണ് മെസിയുടെ പേരിലായത്.