സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു; അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു; മാമാങ്കത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് സംവിധായകന്‍

single-img
17 June 2018

മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ അത്ഭുതകരമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സജീവ് പിള്ള പറഞ്ഞു. തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് സജീവ് മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ടവരെ, നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂര്‍ത്തിയായി. ആക്ഷന് മുന്‍തൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളില്‍. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂള്‍. പ്രതികൂലമായിരുന്ന പരിതസ്ഥിതിയില്‍ തുടങ്ങേണ്ടി വന്നെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയുകയും ചെയ്തു.

ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂര്‍ത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും. അവിടെയാണ്, സൂഷ്മതകളില്‍ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടന്‍ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്.

അദ്ദേഹത്തിന്റെ സ്‌ക്രീന്‍ ഇമേജില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകര്‍ച്ചകള്‍ക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നില്‍ക്കുന്നതാവണം ഈ സിനിമ.

കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.
വാര്‍പ്പ് മാതൃകകളില്‍ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്‌ക്രിപ്ടിനെ പൂര്‍ണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.

ഒപ്പം നില്‍ക്കുന്ന അനവധി പേരുടെ ശക്തിയിലും ഊര്‍ജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നില്‍ക്കുന്നതും. ഒരുപാട് നാളത്തെ യാത്രയും പ്രയത്‌നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല.. ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം’

കര്‍ഷകനായും സ്‌ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധികം നേരം സ്‌ത്രൈണ ഭാവത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.