കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് നാളെ സര്‍വീസ് തുടങ്ങും

single-img
17 June 2018

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസ് പദ്ധതി നടപ്പാക്കുന്നത്. ബസിന്റെ പരീക്ഷണ ഓട്ടം നാളെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും എറണാകുളത്തും സര്‍വീസ് നടത്തും.

പരീക്ഷണാടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് ബസോടിക്കുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് പരീക്ഷണ സർവീസ് നടത്തുക.

ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും.

ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്.
നേരത്തെ ഇലക്ട്രിക് ബസുകൾ വാങ്ങി സർവീസ് നടത്താനാണ് കെഎസ്ആർടിസി ആലോചിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ ഈ ശ്രമം മുന്നോട്ടുപോയില്ല. 1.5 കോടി മുതലാണ് ഇ–ബസുകളുടെ വില. നാല് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.