ഗണേഷ് കുമാർ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാന്‍ നീക്കം

single-img
17 June 2018

ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണച്ചുമതല അഞ്ചല്‍ സിഐയ്ക്ക് നല്‍കിയത് വിവാദമാകുന്നു. സമാനസംഭവത്തില്‍ ആരോപണവിധേയനാണ് സിഐ മോഹന്‍ ദാസ്. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന സിഐ എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഗണേഷ് കുമാര്‍ അസഭ്യം പറയുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ അനന്തകൃഷ്ണന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് സിഐ തടയുകയും മൊബൈല്‍ തട്ടിക്കളയുകയും ചെയ്തിരുന്നു. സിഐയോട് അനന്തകൃഷ്ണനും അമ്മ ഷീനയും പരാതി പറഞ്ഞെങ്കിലും ഇയാള്‍ നടപടി ഒന്നും എടുത്തില്ല.

ഈ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിഐയെ ഏല്‍പ്പിക്കുന്നത് കേസ് അട്ടിമറിക്കുന്നതിനാണെന്ന് അനന്തകൃഷ്ണന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. കേസ് തുടക്കത്തില്‍ അന്വേഷിച്ചത് അഞ്ചല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. എന്നാല്‍ സംഭവം അതീവ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ഡിവൈഎസ്പിക്ക് വിട്ടു. അവിടെ നിന്നാണ് അന്വേഷണച്ചുമതല ആരോപണവിധേയനായ സിഐയ്ക്ക് കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം അനന്തകൃഷ്ണന്റെ അമ്മ ഷീന ചവറ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതി മുന്‍പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. എംഎല്‍എ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീന നല്‍കിയ പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

മജിസ്‌ട്രേറ്റിനോട് എല്ലാ കാര്യങ്ങളും വ്യക്താക്കിയിട്ടുണ്ടെന്നും എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നും ഷീന മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ഷീന നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഷീന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇത്തരം പരാതികളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കേണ്ടതാണ്. മര്‍ദനക്കേസില്‍ എംഎല്‍എയ്‌ക്കെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.