പൊതുശ്മശാനം ഇല്ലാത്തതിനാൽ അമ്മയുടെ മൃതദേഹം റോഡരികിൽ ചിതയൊരുക്കി സംസ്കരിച്ച് ദളിത് കുടുംബം; സംഭവം ചെങ്ങന്നൂരിൽ

single-img
17 June 2018

മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിച്ച് ദളിത് കുടുംബം. ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്‌കരിക്കേണ്ടി വന്നത്.

ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ പൊതുശ്മശാനമില്ലാത്തതിനെ തുടര്‍ന്നാണ് ദളിത് വനിതയായ കുട്ടിയമ്മയുടെ മൃതദേഹം നടുറോഡില്‍ സംസ്‌കരിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ മകന്റെ മൃതദേഹം സംസ്‌കരിച്ചതും പൊതുവഴിയിലായിരുന്നു.

ആകെയുള്ള അര സെന്‍റ് ഭൂമിയിൽ രണ്ട് കുടുസുമുറികളുള്ളതാണ് ഇവരുടെ വീട്. ഈ വീട്ടിലാണ് മരുമകൾക്കും ചെറുമകൾക്കും ഒപ്പം താമസിക്കുകയായിരുന്ന കുട്ടിയമ്മ വെള്ളിയാഴ്ച്ച മരിച്ചത്. വീട്ടുവളപ്പിൽ സംസ്കാരത്തിന് സ്ഥലമില്ലാത്തതിനാൽ വീടിന്‍റെ ഷീറ്റ് പൊളിച്ചു.

കുമരകത്ത് നിന്നെത്തിച്ച ഇരുമ്പ് പെട്ടിയിൽ വീടിനോട് ചേര്‍ന്നുള്ള റോഡരികിൽ ചിതയൊരുക്കി. അടച്ചുറപ്പില്ലാത്ത വീട്ടിനകത്തേക്ക് പുക കടക്കാതിരിക്കാൻ ജനൽ തകര കൊണ്ട് അടച്ചു. ഇപ്പോൾ ചിതയൊരുക്കിയ സ്ഥലം തകരയും ഇഷ്ടികയും കൊണ്ട് മുടിയിരിക്കുകയാണ്.

ഇത് കുട്ടിയമ്മയുടെയും കുടുംബത്തിന്റെയും മാത്രം അവസ്ഥയല്ല. ചെങ്ങന്നൂര്‍ നഗരസഭ നിലവില്‍ വന്നു മുപ്പത്തിനാല് വര്‍ഷം പിന്നിട്ടിട്ടും പൊതു ശ്മശാനം എന്ന ആവശ്യം നടപ്പായിട്ടില്ല. അതിനാല്‍ ഒരു തുണ്ടു സ്ഥലം മാത്രം കൈവശമുള്ളവരുടെയും ഭൂമിയില്ലാത്തവരുടെയുമൊക്കെ സ്ഥിതി ഇതുതന്നെയാണ്. നിരവധി സ്ഥലങ്ങൾ കണ്ടെത്തിയിട്ടും പ്രാദേശിക എതിർപ്പ് കാരണമാണ് ശ്മശാനം നിർമ്മാണം നടക്കാതെ പോകുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം