ഒരു വാട്ടര്‍ ബോട്ടില്‍ ഉണ്ടാക്കിയ അപകടം

single-img
17 June 2018

യുകെയിലെ സസെക്‌സില്‍ കഴിഞ്ഞ ദിവസം ഒരു അപകടം നടന്നു. പെട്രോള്‍ പമ്പിനകത്തേക്ക് ഒരു കാര്‍ ഇടിച്ചുകയറിയായിരുന്നു അപകടം നടന്നത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കുകളൊന്നും പറ്റിയില്ല. എന്നാല്‍ അപകടത്തിന് കാരണമായത് എന്താണെന്ന് അറിഞ്ഞ ഞെട്ടലിലാണ് കാര്‍ ഓടിച്ചിരുന്ന യുവതി. കാരണം അപകടത്തിനിടയാക്കിയത് ഒരു വാട്ടര്‍ ബോട്ടിലാണെന്നാണ് പൊലീസ് പറയുന്നത്.

കാര്‍ ഓടിച്ചുപോകുന്നതിനിടില്‍ തിരക്കേറിയ റോഡിലേക്ക് കയറിയപ്പോഴാണ് യുവതി ഞെട്ടലോടെ ഒരു കാര്യം മനസിലാക്കിയത്. ബ്രേക്കിന്റെ പെഡല്‍ പ്രവര്‍ത്തിക്കുന്നില്ല. ഒരു നിമിഷം പകച്ചുപോയെങ്കിലും മുന്നിലുള്ള കാറില്‍ ഇടിക്കാതിരിക്കാന്‍ വേണ്ടി യുവതി കാര്‍ പെട്രോള്‍ പമ്പിനകത്തേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

അവിടെ വെച്ച് കാര്‍ തലകീഴായി മറിഞ്ഞു. വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വസത്തിലായിരുന്നു യുവതി. അപകടത്തിന് ഇടയാക്കിയത് എന്താണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ബ്രേക്ക് പെഡല്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. എന്നാല്‍ പൊലീസ് പരിശോധിച്ചപ്പോള്‍ ബ്രേക്കിന് പ്രശ്‌നമില്ലെന്ന് മനസിലായി.

അതിന് പകരം അവര്‍ അവിടെ മറ്റൊരു സാധനം കണ്ടെത്തി. പെഡലിന് താഴെ ഒരു വാട്ടര്‍ ബോട്ടില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു യുവതിക്ക് ബ്രേക്ക് ചവിട്ടാന്‍ സാധിക്കാതിരുന്നത്.

സംഭവം ഒരു മുന്നറിയിപ്പായി എല്ലാവരും എടുക്കണമെന്നും കാറില്‍ കയറുമ്പോള്‍ അനാവശ്യ വസ്തുക്കള്‍ താഴെ കിടപ്പുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് പറഞ്ഞു.