പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, ഡ്രൈവർ ഗവാസ്കർക്ക് 50,000 രൂപ ചികിത്സ ചിലവ് നൽകും

single-img
16 June 2018

എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ ഗവാസ്കർക്ക് 50,000 രൂപ ചികിത്സ ചിലവ് നൽകാനും തീരുമാനമായിട്ടുണ്ട്.

സുദേഷ് കുമാറിന്റെ മകളുടെ പരാതിയും അന്വേഷിക്കും. ദാസ്യപ്പണി സംബന്ധിച്ച പരാതികൾ പരിശോധിക്കാനും ഡിജിപി നിർദ്ദേശം നൽകി. എല്ലാ ജില്ലയിലും സ്റ്റാഫ് കൗണ്‍സില്‍ വിളിക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു.

പരാതികള്‍ ഡി.ജി.പിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. പൊലീസ് സംഘടനകളും ഡി.ജി.പിയുമായുള്ള യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ സുദേഷ് കുമാറിനെ സായുധ സേനയുടെ തലപ്പത്തു നിന്ന് നീക്കി. പകരം ഹെഡ് കോർട്ടേഴ്സ് എഡിജിപി ആനന്ദകൃഷ്ണനാണ് ചുമതല.

ദാസ്യപ്പണിയെന്ന ആരോപണം പലതവണ ഉയര്‍ന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയുണ്ടാകുന്നത്.