കായലില്‍ ചാടി ജീവനൊടുക്കിയ വി.കെ. കൃഷ്ണനു സിപിഎമ്മിനുള്ളില്‍ കടുത്ത പീഡനം അനുഭവിച്ചിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ;സംഭവം പാര്‍ട്ടി പരിശോധിക്കുമെന്ന് എസ്.ശര്‍മ എംഎല്‍എ.

single-img
16 June 2018

കൊച്ചി: എളങ്കുന്നപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. കൃഷ്ണന്‍ കായലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ. കൃഷ്ണന്‍ സിപിഎമ്മിനുള്ളില്‍ കടുത്ത പീഡനം അനുഭവിച്ചിരുന്നുവെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. കൃഷ്ണന്‍ സിപിഐയിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്നതാണ് എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നും രാജു വ്യക്തമാക്കി.

അതേസമയം എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ.കൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് എസ്.ശര്‍മ എംഎല്‍എ വ്യക്തമാക്കി. കൃഷ്ണന്റെ ആത്മഹത്യ വിവാദമാക്കുന്നതിനു പിന്നില്‍, പാര്‍ട്ടി അച്ചടക്കനടപടിയെടുത്ത് പുറത്താക്കിയവരാണെന്നും ശര്‍മ പറഞ്ഞു.കൃഷ്ണന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ വി.കെ.കൃഷ്ണന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. ജങ്കാറില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.