അപകടമൊന്നും സംഭവിക്കാതിരിക്കാനായി വാഹനപൂജ നടത്തി; ഏറെ ആഗ്രഹിച്ചു വാങ്ങിയ ബിഎംഡബ്ല്യൂ പൂജക്കിടെ കത്തിനശിച്ചു (വീഡിയോ)

single-img
16 June 2018

ഏറെ ആഗ്രഹിച്ച് വാങ്ങിയ ആഡംബര കാര്‍ കത്തിനശിച്ചുപോകുന്നതിനെ കുറിച്ച് ആര്‍ക്കും ഓര്‍ക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ അത്തരമൊരു അനുഭവം കഴിഞ്ഞ ദിവസം ചൈനയിലെ ജിയാങ്‌സുവില്‍ ഒരു യുവാവിന് നേരിടേണ്ടി വന്നു.

ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ ബിഎംഡബ്ല്യു അപകടങ്ങളൊന്നും വരാതിരിക്കാനാണ് ആദ്യ യാത്രക്ക് മുമ്പ് പൂജിക്കാന്‍ ഉടമ തീരുമാനിച്ചത്. അപകടമൊന്നും സംഭവിക്കാതിരിക്കാന്‍ ചെയ്ത പൂജ പക്ഷെ വാഹനം തന്നെ ഇല്ലാതാക്കുകയാണ് ചെയ്തത്. വീട്ടുകാര്‍ക്കൊപ്പം വാഹനം പൂജിക്കുന്നതിനിടെ തീപടരുകയായിരുന്നു. ചൈനയില്‍ ഉപയോഗിക്കുന്നതരം വലിയ സാമ്പ്രാണിത്തിരിയില്‍ നിന്നുമാണ് ആഡംബര വാഹനത്തിന് തീ പിടിച്ചത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനസേന എത്തിയാണ് വാഹനത്തിലെ തീ കെടുത്തിയത്. 470,000 യുവാന്‍ ഏകദേശം 50 ലക്ഷം രൂപ ചെലവിട്ടാണ് യുവാവ് ബിഎംഡബ്ല്യു സ്വന്തമാക്കിയത്.

സംഭവത്തിന്റെ വീഡിയോ യുവാവ് താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്ന് ആരോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.